നരേന്ദ്ര മോദി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

കൊച്ചി: നരേന്ദ്ര മോദി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവരുടെയും പണക്കാരുടെയും രാജ്യമായി ഇന്ത്യയെ വിഭജിച്ചുവെന്നും അഞ്ച് കൊല്ലം കൊണ്ട് മോദി രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനവും രാഹുല്‍ ഗാന്ധി നല്‍കി. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വാഗ്ദാനങ്ങള്‍ എല്ലാം ലംഘിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തു കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചെന്നും തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും പാവപ്പെട്ടവര്‍ക്ക് അവരുടെ അക്കൗണ്ടിലേയ്ക്ക് പണം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അനൗദ്യോഗിക പ്രചാരണത്തുടക്കം കൂടിയാണ് ഇന്നത്തെ സമ്മേളനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അധ്യക്ഷന്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

അന്തരിച്ച എം.ഐ. ഷാനവാസിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

Top