വിവേചനം കാണിക്കരുത്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ വിവേചനം കാണിക്കരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഏകപക്ഷീയമായ സമീപനം കമ്മീഷൻ കൈക്കൊള്ളരുതെന്നും മോദിയുടെയും അമിത്ഷായുടെയും പ്രസ്താവനകളിൽ നടപടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആദിവാസി പ്രസ്താവനയിൽ രാഹുൽ ഗാന്ധി മറുപടി നൽകിയിട്ടുണ്ട്. പ്രസ്താവനയിൽ ചട്ടലംഘനമില്ലെന്നും വിമർശിച്ചത് സർക്കാർ നയത്തെയാണെന്നും രാഹുൽ വ്യക്തമാക്കി.

ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനു നോട്ടീസ് അയച്ചിരുന്നു. ഏപ്രില്‍ 23-ന് മധ്യപ്രദേശിലെ റാലിയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിലാണ് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന് 11 പേജുള്ള വിശദീകരണമാണ് രാഹുല്‍ നല്‍കിയത്. ലളിതമായ ഭാഷയില്‍ ഇന്ത്യന്‍ വന നിയമത്തിലെ ഭേദഗതി സംബന്ധിച്ചു വിവരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി.

Top