ലോക്സഭ തെരഞ്ഞെടുപ്പ്; അനിശ്ചിതത്വം നീങ്ങി, വയനാട്ടില്‍ രാഹുല്‍ തന്നെ. . .

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നീങ്ങി.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രത്യേകം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രഖ്യാപിച്ചു. രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാടെന്നും മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സീറ്റാണ് വയനാട്ടിലേതെന്നും എ.കെ ആന്റണി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ ആന്റണിയെ കൂടാതെ അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഞായറാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് രാഹുലിന്റെ തീരുമാനം അറിയിച്ചത്. അമേഠിയ്ക്കു പുറമേയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുക.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ സന്തോഷമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഇടതിനോടുള്ള മത്സരമല്ല രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും മത്സരം മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ ആകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തിലുള്ള സൂചന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ടി.സിദ്ധിഖ് പിന്മാറുകയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ വൈകിയത് വലിയ അനിശ്ചിതത്വത്തിന് വഴി വെച്ചിരുന്നു.

Top