കോണ്‍ഗ്രസിനെ കരകയറ്റാന്‍ ഭാരതയാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്നും കോണ്‍ഗ്രസിനെ കരകയറ്റാന്‍ രാഹുല്‍ഗാന്ധി ഭാരത യാത്രക്കൊരുങ്ങുന്നു. അടിയന്തിരാവസ്ഥക്കു ശേഷം 1977ലെ പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ദിരാഗാന്ധി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ഭാരതപര്യടനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഭാരതയാത്രയ്ക്കാണ് രാഹുല്‍ഗാന്ധിയും ഒരുങ്ങുന്നത്. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി ഭീഷണി മുഴക്കിയ രാഹുല്‍ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ കഴിയാതെ പോയതാണ് പരാജയത്തിന്റെ കാരണമെന്നാണ് വിലയിരുത്തുന്നത്.

രാഹുല്‍ ഭാരതയാത്ര കഴിഞ്ഞെത്തുന്നതു വരെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കോര്‍ കമ്മിറ്റിയെ നിയോഗിക്കുന്നതും കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കുന്നുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും റാലിയിലെയും റോഡ് ഷോകളിലെയും ആള്‍ക്കൂട്ടങ്ങള്‍ വോട്ടാകാതെ പോകുന്നത് കോണ്‍ഗ്രസിന്റെ സംഘടനാപരമായ വീഴ്ചയായും വീക്ഷിക്കുന്നു. 80 ലോക്സഭാംഗങ്ങളെ പാര്‍ലമെന്റിലേക്കയക്കുന്ന യു.പി അടക്കം പല പ്രധാന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സംഘടനാസംവിധാനമില്ലാത്ത അവസ്ഥയാണ്.

ദളിത്, ആദിവാസി, ന്യനപക്ഷ വോട്ടുബാങ്കുകള്‍ കോണ്‍ഗ്രസിനെ കൈവിടുകയായിരുന്നു. സവര്‍ണവോട്ടുകള്‍ ബി.ജെ.പിയും സ്വന്തമാക്കി. മോദി സര്‍ക്കാരിന്റെ ഭരണപരാജയവും റാഫേല്‍ അഴിമതിയും രാഹുല്‍ ഉയര്‍ത്തിയപ്പോള്‍ ബാലക്കോട്ട് മിന്നലാക്രമണത്തിലൂടെ ദേശീയവികാരമാണ് മോദി ഉയര്‍ത്തിയത്. മോദി ഉയര്‍ത്തിയ ദേശീയതയ്‌ക്കൊപ്പമാണ് വോട്ടര്‍മാര്‍ നിലകൊണ്ടത്. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ യു.പിയില്‍ 2009തില്‍ രാഹുല്‍ ജനസമ്പര്‍ക്കപരിപാടികളിലൂടെ പ്രചരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് 21 സീറ്റില്‍ വിജയിച്ച് മിന്നുന്ന മുന്നേറ്റം കാഴ്ചവെച്ചിരുന്നു. 2014ല്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമായി മത്സരിച്ചതോടെ കേവലം രണ്ട് സീറ്റുകളിലേക്ക് കൂപ്പുകുത്തി. ഇത്തവണ മഹാസഖ്യത്തില്‍ നിന്നും പുറത്തായി മത്സരിച്ച കോണ്‍ഗ്രസിന് റായ്ബറേലിയില്‍ സോണിയ ഗാന്ധിയെ മാത്രമാണ് വിജയിപ്പിക്കാനായത്.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടും നെഹ്റു കുടുംബത്തോടുമുള്ള സ്നേഹം വോട്ടാക്കാനുള്ള പ്രചരണമാണ് ഭാരതയാത്രയിലൂടെ ലക്ഷ്യമിടുന്നത്. പദയാത്രയായും ചിലയിടങ്ങളില്‍ വാഹനത്തിലൂടെയും മറ്റുമായാണ് യാത്ര നടത്താന്‍ ഒരുങ്ങുന്നത്. ഭാരതയാത്രയിലൂടെ ഓരോ മേഖലയിലും ജനങ്ങളുമായി നേരിട്ടു കാണാനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും കഴിയുമെന്നതാണ് പ്രത്യേകത. പദയാത്രയില്‍ ജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനും അവരെ അടുത്തറിയാനും പിന്തുണ ഉറപ്പിക്കാനും കഴിയും. അതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനത്തെ ഊര്‍ജ്ജസ്വലമാക്കാനും കഴിയും.

77ല്‍ ഇന്ദിരാഗാന്ധി റായ്ബറേലിയിലും മകന്‍ സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെടുകയും കോണ്‍ഗ്രസ് കേവലം 153 സീറ്റിലേക്ക് കൂപ്പുകുത്തുകയും ചെയ്തപ്പോള്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഇന്ദിര ഭാരതപര്യടനം നടത്തിയിരുന്നു. ഇന്ത്യയുടെ ഓരോ കോണിലുമെത്തി ഇന്ദിര ജനങ്ങളുമായി നേരിട്ട് സംവദിക്കുകയായിരുന്നു. ബീഹാറില്‍ ആനപ്പുറത്തേറിയാണ് ഇന്ദിര ജനങ്ങളെ കാണാനെത്തിയത്. ജനങ്ങളുടെ മനം കവര്‍ന്ന ഇന്ദിരയെ അവര്‍ കലവറയില്ലാതെ പിന്തുണച്ചു. ഒരു കൊടുങ്കാറ്റുപോലെ കോണ്‍ഗ്രസും ഇന്ദിരയും അധികാരത്തില്‍ തിരിച്ചെത്തി.

ഇന്ദിര നേരിട്ടതിനേക്കാള്‍ കനത്ത പരാജയമാണ് രാഹുഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്. നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെടുകയും കോണ്‍ഗ്രസ് 52 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. പ്രതിപക്ഷ നേതൃസ്ഥാനം പോലും രണ്ടാം മണ്ഡലമായ വയനാട്ടില്‍ നിന്നും വിജയിച്ച രാഹുല്‍ഗാന്ധിക്ക് ലഭിക്കാത്ത അവസ്ഥയാണ്. 545 ലോക്സഭാ സീറ്റുകളില്‍ 10 ശതമാനം സീറ്റെങ്കിലും ലഭിച്ചാലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. ലോക്സഭയില്‍ 55 സീറ്റ് ലഭിച്ചാലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹത ലഭിക്കൂ. എന്നാല്‍ കോണ്‍ഗ്രസിന് 52 സീറ്റുമാത്രമുള്ളതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമാകുന്ന അവസ്ഥയാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 44 സീറ്റു ലഭിച്ച കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ഉണ്ടായിരുന്നില്ല. എന്നാല്‍ മൂന്നു സ്വതന്ത്ര എം.പിമാരെ ഒപ്പം കൂട്ടിയോ ഏതെങ്കിലും ചെറിയ പാര്‍ട്ടികളെ ലയിപ്പിച്ചോ 55 എം.പിമാരുടെ എണ്ണം തികച്ച് പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്.

Indian-National-Congress-Flag-1.jpg.image.784.410

പദയാത്രയിലൂടെ ജനമനസുകള്‍ കീഴടക്കി അധികാരം പിടിച്ച ആന്ധ്രയിലെ വൈ.എസ് രാജശേഖര റെഡിയുടെയും മകന്‍ ജഗ്മോഹന്‍ റെഡിയുടെയും രാഷ്ട്രീയ മുന്നേറ്റങ്ങളും രാഹുലിനു മുന്നിലുണ്ട്. കത്തുന്ന വെയിലില്‍ മൂന്നു മാസം 1475 കിലോ മീറ്റര്‍ ആന്ധ്രയിലെ ഗ്രാമങ്ങളിലൂടെ പദയാത്ര നടത്തി ജനങ്ങളുമായി സംവദിച്ചാണ് വൈ.എസ്.ആര്‍ തെലുങ്കുദേശത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് 2004ല്‍ ആന്ധ്രയുടെ മുഖ്യമന്ത്രിയായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വൈ.എസ്.ആറിന്റെ നേതൃത്വം കൊണ്ട് ആന്ധ്രയില്‍ നിന്നും ലഭിച്ച 30 സീറ്റിന്റെ കരുത്തു കൊണ്ടാണ് വാജ്പേയി സര്‍ക്കാരിനെ താഴെ ഇറക്കി കോണ്‍ഗ്രസിന്റെ ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റത്.
മുഖ്യമന്ത്രിയായതു മുതല്‍ പദയാത്രയിലൂടെ മനസിലാക്കിയ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് വൈ.എസ്.ആര്‍ ശ്രമിച്ചത്. ജനസമ്പര്‍ക്കപരിപാടികള്‍ നടത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കണ്ടു.

ജനങ്ങള്‍ക്കൊപ്പം നിന്ന വൈ.എസ്.ആര്‍ 2009തില്‍ വീണ്ടും ആന്ധ്രയുടെ മുഖ്യമന്ത്രിയായി. ലോക്സഭയിലേക്ക് 33 സീറ്റും ആന്ധ്രയില്‍ നിന്നും കോണ്‍ഗ്രസിനു ലഭിച്ചു. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ മന്‍മോഹന്‍സിങിന് രണ്ടാം തവണയും പ്രധാനമന്ത്രിയാവാന്‍ തുണയായത് ആന്ധ്രയിലെ തകര്‍പ്പന്‍ വിജയമായിരുന്നു.

14 മാസം നീണ്ട പ്രജാ സങ്കല്‍പ്പ യാത്ര നടത്തിയാണ് ആന്ധ്രയില്‍ ജഗ്മോഹന്‍ റെഡ്ഡി ഭരണം പിടിച്ചത്. നിയമസഭയില്‍ 175 സീറ്റില്‍ 151 സീറ്റുകളും വിജയിച്ചാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരം നേടിയത്. 2017ല്‍ ഗുജറാത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പര്യടനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ സഹായകമായിരുന്നു. പൊതുയോഗങ്ങളിലും റാലികളിലും രാഹുലിനെ കേള്‍ക്കുന്ന ജനങ്ങള്‍ക്ക് പദയാത്രയില്‍ രാഹുലുമായി സംവദിക്കാനും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാനുമുള്ള അവസരമാണ് ലഭിക്കുക. ഇത് താഴേ തട്ടില്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ വഴിയൊരുക്കുമെന്നാണ് നേതാക്കളും പങ്കുവെക്കുന്നത്.

Top