തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം; മോദിയെ പഴിച്ച് രാഹുല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേറ്റ ഏറ്റവും വിലിയ തിരിച്ചടിയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. ഇപ്പോഴിതാ മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയിലും സിന്ധ്യയുടെ രാജിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് മോദി സര്‍ക്കാര്‍ എന്നാണ് രാഹുലിന്റെ വിമര്‍ശനം.

“തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തില്‍ തിരക്കിലാകുമ്പോള്‍ നിങ്ങള്‍ എണ്ണവിലയിലുണ്ടായ 35 % ഇടിവ് അറിഞ്ഞിട്ടുണ്ടാവില്ല. ക്രൂഡ് ഓയില്‍ വിലയില്‍ ഇത്ര ഇടിവുണ്ടായിട്ടും പെട്രോള്‍ വില 60 തില്‍ കുറക്കാന്‍ സാധിക്കില്ലേയെന്നും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എംഎല്‍എമാരുടെ രാജി സ്പീക്കര്‍ എന്‍പി പ്രജാപതി അംഗീകരിച്ചാല്‍, കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ മധ്യപ്രദേശിലും അരങ്ങേറും. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അട്ടിമറിക്കാന്‍ കാരണമായതിനെത്തുടര്‍ന്ന് 12 മാസത്തിനുള്ളില്‍ ബിജെപിയില്‍ വീഴുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായി മധ്യപ്രദേശ് മാറും.

നിലവിലെ സാഹചര്യത്തില്‍ 10 എംഎല്‍എമാരുടെയെങ്കിലും രാജി പിന്‍വലിപ്പിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയു.

Top