രാഹുല്‍ഗാന്ധി നാളെ ഐ.ടി ജീവനക്കാരുമായി സംവാദം നടത്തും

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാളെ ബെംഗളൂരുവില്‍ ഐടി ജീവനക്കാരുമായി സംവാദം നടത്തും. നാഗവാര മാന്യത ടെക്പാര്‍ക്കിലെ ആംഫി തിയറ്ററിലാണ് വേദിയൊരുക്കുന്നത്.

നേരത്തേ, സമീപത്തെ ബേഡ്‌സ് പാര്‍ക്കിലാണ് വേദി നിശ്ചയിച്ചതെങ്കിലും പക്ഷികളുടെ ആവാസകേന്ദ്രമായ ഇവിടെ പൊതുപരിപാടി നടത്തുന്നതിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു.

അതേസമയം അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്കില്‍ ക്യാമറകളുടെ മുന്നില്‍ അഭിനയിക്കുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് രാഹുല്‍ പറഞ്ഞു. പുല്‍വാമ ആക്രമണത്തിനു ശേഷം കോണ്‍ഗ്രസ് പൂര്‍ണമായും രാജ്യത്തിനും സര്‍ക്കാരിനും ഒപ്പം നിന്നു. എന്നാല്‍ രാജ്യസ്‌നേഹത്തെക്കുറിച്ച് ഉറക്കെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി അപ്പോള്‍ സ്വന്തം പ്രതിച്ഛായ മിനുക്കാനുള്ള ഫോട്ടോ ഷൂട്ടിലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

Top