കോൺഗ്രസ് വിട്ടവരുടേത് ആശയപരമായ എതിരഭിപ്രായമല്ല വ്യക്തിപരമായ പ്രശ്നം – ദിഗ് വിജയ് സിംഗ്

ദില്ലി: ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഗുലാം നബി ആസാദിനെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി വിട്ടവരുടേത് വ്യക്തിപരമായ കാരണങ്ങളെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ആസാദ് ആർഎസ്എസിനെയോ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും ദിഗ് വിജയ് സിംഗ് ചൂണ്ടിക്കാട്ടി.

പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് ഇന്നലെ പ്രതികരിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു. പത്തു കൊല്ലം കാത്തിരുന്നുവെന്നുമായിരുന്നു ഇന്നലെ അദ്ദേഹം പറഞ്ഞത്.

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ല. രാഹുലും സോണിയയും പ്രിയങ്കയും അധ്യക്ഷപദത്തിലേക്ക് നോമിനേഷൻ നൽകില്ല. രാഹുൽ മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചതായി എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്ന് ആരുമുണ്ടാകില്ലെങ്കില്‍ ജി 23 സ്ഥാനാര്‍ത്ഥിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിക്കാനാണ് സാധ്യത. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന്‍റെ പ്രതികരണം.

Top