കരിങ്കൊടി കാണിച്ച കോൺഗ്രസ്സുകാർ കസ്റ്റഡിയിൽ; പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം

കൊച്ചി : പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം. നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിടാത്തതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് സംഘർഷം ഉടലെടുക്കുകയായിരുന്നു. പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ഹൈബി ഈഡൻ എംപി, അൻവർ സാദത്ത് എംഎൽഎ, ഉമ തോമസ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ കയറിയ ശേഷം ജാമ്യത്തിൽ വിടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കച്ചീട്ട് ഒപ്പിട്ടുവാങ്ങിയ ശേഷം പിന്നീട് ജാമ്യത്തിൽ വിടില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ രാഷ്ട്രീയ ഇടപെടലുണ്ടാവുകയും പിന്നാലെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ കൂടി എഴുതിച്ചേർക്കുകയുമായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു.

പ്രവർത്തകരെ വിടണമെന്ന് ആവശ്യപ്പട്ട് സ്റ്റേഷനിലെത്തിയവരോട് മോശമായാണ് പൊലീസ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതോടെ നേതാക്കളും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. സ്റ്റേഷനിലേക്ക് പ്രവർത്തകർ തള്ളിക്കയറാനും ശ്രമിച്ചു. തുടർന്ന് നേതാക്കൻമാരുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Top