യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക, പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്സ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ പ്രിയങ്ക ഗാന്ധി. ഒരു തോല്‍വി പോലും താങ്ങാനാവാത്ത മനസ്സിനുടമയാണ് രാഹുല്‍ ഗാന്ധി എന്ന ആക്ഷേപത്തിനിടെയാണ് ഈ പുതിയ നീക്കം.

മിനി ഇന്ത്യയായി അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അട്ടിമറി വിജയമാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് യു.പി കരുത്ത് കോണ്‍ഗ്രസിനും പ്രിയങ്കയ്ക്കും ഇനി അനിവാര്യമാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പൂര്‍ണ്ണ പിന്തുണയാണ് പ്രിയങ്കക്ക് നല്‍കി വരുന്നത്.

യു.പിയുടെ നായികയാവാന്‍ ഇപ്പോഴേ പ്രിയങ്ക തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത് പ്രിയങ്ക മുഖ്യമന്ത്രിയാവണമെന്നത് തന്നെയാണ്. ഉടന്‍ തന്നെ നടക്കാന്‍ പോകുന്ന 11 നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് സംസ്ഥാന ഘടകത്തിനുള്ളത്. 2022ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഈ വിജയം ആത്മവിശ്വസം നല്‍കുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടല്‍. പ്രിയങ്കയെ മുന്‍ നിര്‍ത്തിയാല്‍ അത് സാധ്യമാകുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം.

രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ യു.പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നതിലുപരി നിരന്തരം സംസ്ഥാനത്ത് ഇടപെടുക എന്നതാണ് പ്രിയങ്കയുടെ ഇപ്പോഴത്തെ തീരുമാനം. താഴെ തട്ടു മുതല്‍ സംഘടന ശക്തമാക്കി മുന്നോട്ട് പോകാനാണ് യു.പിയിലെ നേതാക്കള്‍ക്ക് പ്രിയങ്ക നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനായി സംഘടനാ തലത്തില്‍ വലിയ അഴിച്ചുപണിയും അവര്‍ ലക്ഷ്യമിടുന്നുണ്ട്. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടു വട്ടമെങ്കിലും യു.പിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ഇനി നേരിട്ട് സംവദിക്കും. മുന്‍കൂട്ടി തീരുമാനിച്ചല്ലാതെ മിന്നല്‍ സന്ദര്‍ശനങ്ങളും യു.പിയില്‍ നടത്തും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒത്ത എതിരാളിയായി പ്രിയങ്കയെ മാറ്റാനുള്ള കോണ്‍ഗ്രസിന്റെ ഈ നീക്കം മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയാണിപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ബി.എസ്.പിയും എസ്.പിയും വലിയ ആശങ്കയിലാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം തകര്‍ന്നടിയാന്‍ കാരണം കോണ്‍ഗ്രസാണെന്നാണ് അവരുടെ വിലയിരുത്തല്‍. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് ബി.ജെ.പിക്ക് നേട്ടമായതെന്നാണ് എസ്.പിയും ബി.എസ്.പിയും ആരോപിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ എസ്.പി- ബി.എസ്.പി സഖ്യം ഇവിടെ പൊളിഞ്ഞു കഴിഞ്ഞു. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. ദേശീയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച മോദി തരംഗം നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കണക്ക് കൂട്ടുന്നത്. ഇത് തന്നെയാണ് എസ്.പി- ബി.എസ്.പി പാര്‍ട്ടികളുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നത്.

എന്നാല്‍ പ്രിയങ്കഗാന്ധി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യു.പിയുടെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന ഭയം ഇരു പാര്‍ട്ടികള്‍ക്കും ഉണ്ട്. മായാവതി, അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ് എന്നിവരുടെ പട്ടികയില്‍ പ്രിയങ്ക കൂടി വന്നാല്‍ തീ പാറുന്ന മത്സരമാകും യു.പിയില്‍ നടക്കുക. ഈ നാലു പേരില്‍ ഏറ്റവും അധികം പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്കക്ക് കിട്ടാനുള്ള സാധ്യതയും കൂടുതലാണ്. പ്രിയങ്കയെ മുഖ്യമന്ത്രിയായി ഉയര്‍ത്തി കാട്ടിയാല്‍ സംഘടനാപരമായ ദൗര്‍ബല്യം മറികടന്ന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്.

രാജ്യത്ത് ഏറ്റവും അധികം ലോക്സഭ അംഗങ്ങളും നിയമസഭ അംഗങ്ങളും ഉള്ള യു.പി പിടിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്നതാണ് പൊതു വിലയിരുത്തല്‍. ഇക്കാര്യം ചരിത്രം പലവട്ടം തെളിയിച്ചതുമാണ്. പ്രിയങ്കയും നെഹ്റു കുടുംബവും ഇപ്പോള്‍ ആഗ്രഹിക്കുന്നതും യു.പി പിടിക്കുക എന്നത് തന്നെയാണ്. വൈകാരികമായി ആ സംസ്ഥാനം നെഹ്റു കുടുംബത്തോട് മുന്‍പ് കാണിച്ച സ്നേഹം തിരികെ കൊണ്ടുവരിക എന്നത് കൂടി പ്രിയങ്കയുടെ പ്രധാന ലക്ഷ്യമാണ്.

പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍

Top