കളങ്കിതനായ റോബർട്ട് വദ്രയെയാണ് രാഹുൽ മുൻ നിർത്തിയത്, കള്ളൻ ആര് ?

rahul priyanka vadra

കോണ്‍ഗ്രസ്സ് ഒരിക്കലും നന്നാവില്ല, അല്ലങ്കില്‍ നന്നാവാന്‍ അഭിനവ നെഹ്റു കുടുംബം സമ്മതിക്കില്ല. ഇക്കാര്യം രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനായി അമേഠിയില്‍ നടത്തിയ റോഡ് ഷോയില്‍ സജീവമായി പങ്കെടുപ്പിക്കുക വഴി റോബര്‍ട്ട് വദ്ര എന്ന കളങ്കിതനെ കൂടി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്.കുടുംബ രാഷ്ട്രീയമാണ് ഭാവിയിലും കോണ്‍ഗ്രസ്സ് കൈകാര്യം ചെയ്യുക എന്ന സൂചന നല്‍കാനാണ് പ്രിയങ്കയുടെയും റോബര്‍ട്ട് വദ്രയുടെയും മക്കളെ കൂടി റോഡ് ഷോയില്‍ പങ്കെടുപ്പിച്ചത് എന്നതും വ്യക്തമാണ്.

ഗതികേട് എന്നല്ലാതെ മറ്റൊന്നും ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. രാജ്യം ഭരിക്കാന്‍ നെഹ്റു കുടുംബത്തില്‍ പിറന്നാല്‍ മതി എന്ന സന്ദേശം എന്തായാലും നാടിന് നല്ലതിനല്ല. കോണ്‍ഗ്രസ്സില്‍ തന്നെ കഴിവുള്ള എത്രയോ നേതാക്കളുണ്ട്. അവരിപ്പോഴും മൂന്നാംകിട നേതാക്കളായി ഒതുക്കപ്പെട്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

നെഹ്റു കുടുംബ മാതൃക പിന്തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ദേവഗൗഡയും, ബീഹാറില്‍ ലാലു പ്രസാദും യു.പിയില്‍ മുലായം സിങ് യാദവും ഉള്‍പ്പെടെയുള്ളവര്‍ പയറ്റുന്നതും കുടുംബാധിപത്യമാണ്. കുമാരസ്വാമി, തേജസ്വിയാദവ്, അഖിലേഷ് യാദവ് എന്നിവരുടെ ഉദയം തന്നെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തില്‍ നിന്നുമാണ്. എന്തിനേറെ മധ്യപ്രദേശില്‍ ജോതിരാധിത്യ സിന്ധ്യയുടേയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റേയും ഉദയം തന്നെ കോണ്‍ഗ്രസ്സ് നേതാക്കളായ പിതാക്കന്‍മാരുടെ കരുത്തില്‍ നിന്നായിരുന്നു.

ഈ യുവ നേതാക്കളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനും അപകടകാരിയും ആണ് റോബര്‍ട്ട് വദ്ര എന്ന ബിസിനസ്സുകാരന്‍. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഞെട്ടിയത് സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാത്രമല്ല. നേതാക്കള്‍ കൂടിയാണ്. അരുതെന്ന് സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും പറയാന്‍ പക്ഷേ, അവര്‍ക്കാര്‍ക്കും നാവ് പൊങ്ങുന്നില്ല. വല്ലതും പറഞ്ഞാല്‍ തഴയപ്പെടുമോ എന്ന ഭയം മുതിര്‍ന്ന നേതാക്കളേയും അലട്ടുന്നുണ്ട്. ഇതാണ് രാജ്യത്തെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ.

സാമ്പത്തിക കുറ്റകൃത്യത്തില്‍ നിയമനടപടി നേരിടുന്ന ഒരു വ്യക്തിയുടെ കൈപിടിച്ച് റോഡ് ഷോ നടത്തിയ രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്.ആരോപണങ്ങളില്‍ നിന്നും വിമുക്തനായതിനു ശേഷമാണ് സഹോദരി ഭര്‍ത്താവിനെ രാഹുല്‍ രംഗത്തിറക്കിയതെങ്കില്‍ അക്കാര്യം പറഞ്ഞ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെങ്കിലും പിടിച്ച് നില്‍ക്കാമായിരുന്നു. ഇപ്പോള്‍ എതിരാളികളുടെ രൂക്ഷമായ കടന്നാക്രമണത്തില്‍ പകച്ച് നില്‍ക്കുകയാണ് ആ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍.

കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് പറയുന്നവരുടെ കുടുംബത്ത് തന്നെ കള്ളനുണ്ടെന്ന് മറുവാദം ഉയരുമ്പോള്‍ എന്തുണ്ട് രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ ? കള്ളപ്പണ ഇടപാടുകാരന്റെ കൈപിടിച്ച് വോട്ട് തേടിയവന് അഴിമതിയെ കുറിച്ച് മിണ്ടാന്‍ ഒരു അവകാശമില്ല. അക്കാര്യം ഉന്നയിക്കാന്‍ അര്‍ഹതയുള്ള രാഷ്ട്രീയ പ്രസ്ഥാനങളും നേതാക്കളും രാജ്യത്ത് വേറെയുണ്ട്. ഇനി അവര്‍ പറയട്ടെ. ആ വാക്കുകള്‍ക്ക് മാത്രമാണ് ഇനി വിശ്വാസ്യതയുമുള്ളത്.

മോദിയെ അധികാരത്തില്‍ നിന്നും ഇറക്കാനായിരുന്നു ആത്മാര്‍ത്ഥമായ പരിശ്രമമെങ്കില്‍ ഇത്തരം നിലപാടുകള്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കില്ലായിരുന്നു. ഇനി എങ്ങാന്‍ യു.പി.എ അധികാരത്തില്‍ വന്നാല്‍ നെഹറു കുടുംബത്തിലെ ഈ മരുമകന്റെ താണ്ഡവമായിരിക്കും നടക്കുക. നിലവില്‍ നേരിടുന്ന കേസുകളില്‍ പലതും കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയുടെ ഉല്‍പ്പന്നമാണ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുന്നതും അതു തന്നെയാണ്.

കോണ്‍ഗ്രസ്സ് വിരുദ്ധ മതേതര ചേരി അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയാണ് ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

കേന്ദ്രത്തില്‍ ഇടതുപക്ഷ- മതേതര പാര്‍ട്ടികള്‍ നിര്‍ണ്ണായക ശക്തി ആയാല്‍ കൂച്ച് വിലങ്ങിടപ്പെടും എന്ന് ഭയന്നാണ് ചുവപ്പിന്റെ പതനം ലക്ഷ്യമിട്ട് കാവിപട നീങ്ങുന്ന പാതയില്‍ തന്നെ ഇപ്പോള്‍ കോണ്‍ഗ്രസ്സും നീങ്ങുന്നത്.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും യു.പി, മഹരാഷ്ട്ര, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഖ്യ സാധ്യത തകര്‍ത്തതും ഈ നീക്കത്തിന്റെ ഭാഗമാണ്. കള്ളപണമൊഴുക്കി അധികാരം പിടിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇത് കയ്യോടെ പിടിക്കപ്പെട്ടത് മധ്യപ്രദേശില്‍ മാത്രമാണെങ്കില്‍ പിടിക്കപെടാത്തത് എവിടെയൊക്കെ കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പ്രത്യേകിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഹൈക്കമാന്റ് നല്‍കിയ കോടികളുടെ കണക്ക് കോഴിക്കോട്ടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ തന്നെ ഒളി ക്യാമറയില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ നീക്കങ്ങളെയെല്ലാം ഗൗരവമായാണ് രാജ്യം കാണേണ്ടത്.

ഒരു കാരണവശാലും റോബര്‍ട്ട് വദ്ര എന്ന ബിസിനസ്സുകാരനാല്‍ നിയന്ത്രിക്കുന്ന രാജ്യമായി ഈ നാട് മാറിക്കൂടാ. അങ്ങനെ വന്നാല്‍ അത് കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്നതിന് തുല്യമായി മാറും.

express view

Top