കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേരും സജീവം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ തെരെഞ്ഞെടുക്കാന്‍ നീക്കം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. രാഹുലിനും സോണിയ ഗാന്ധിക്കും പ്രിയങ്ക അധ്യക്ഷ സ്ഥാനത്ത് വരുന്നതില്‍ യോജിപ്പാണുള്ളത്.

അധ്യക്ഷ സ്ഥാനം നെഹറു കുടുംബത്തിന് പുറത്തുള്ള ആര്‍ക്കെങ്കിലും പോയാല്‍ പിന്നീട് പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമാവുമെന്ന് നേതാക്കള്‍ ഭയക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ് അധ്യക്ഷ സ്ഥാനത്ത് വരുന്നതിനോട് രാഹുല്‍ ഗാന്ധിക്ക് യോജിപ്പാണെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഉടക്കിലാണ്. ഇവര്‍ സോണിയ ഗാന്ധിയില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. പ്രിയങ്ക നേതൃസ്ഥാനത്ത് വരണമെന്നാണ് ഇവരും ആഗ്രഹിക്കുന്നത്.

അതേസമയം മുതിര്‍ന്ന നേതാക്കളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ലോകസഭ തിരഞ്ഞെടുപ്പില്‍ ചുമതലയുണ്ടായിരുന്ന യുപിയില്‍ നേട്ടമുണ്ടാക്കിയില്ലങ്കിലും അണികളെ ആവേശത്തിലാക്കാന്‍ പ്രിയങ്കക്ക് കഴിഞ്ഞിരുന്നു. ഇതാണ് അവരെ പരിഗണിക്കുന്നതിലെ മറ്റൊരു ഘടകം

അടുത്ത് തന്നെ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പാണ് പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്റിന് മുന്നിലെ പ്രധാന വെല്ലുവിളി.

ഭരണത്തിലുള്ള കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ അവസ്ഥയും അതി ദയനീയമാണ്. കര്‍ണ്ണാടകയില്‍ അഗ്‌നിപരീക്ഷണമാണ് പാര്‍ട്ടി നേരിടുന്നത്. കുമാരസ്വാമി സര്‍ക്കാര്‍ വീണാല്‍ ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു കഴിഞ്ഞു. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയില്‍ തമ്പടിച്ച് കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും അനിശ്ചിതത്ത്വം തുടരുകയാണ്. വിമത എം.എല്‍.എമാരെ മന്ത്രിമാരാക്കാന്‍ നിലവിലെ മന്ത്രിമാരെ രാജി വയ്പ്പിച്ച നടപടിയും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അധികാര മോഹികളുടെ നിലപാടിനു അനുസരിച്ച് എന്തിന് പാര്‍ട്ടി നിലപാട് സ്വീകരിക്കണമെന്നതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധിയും രോഷത്തിലാണ്. സര്‍ക്കാര്‍ വീണാലും പ്രശ്‌നമില്ല, നിലപാടില്‍ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്.

Top