പ്രിയങ്ക ചതുർവേദിയും കാവിയണിഞ്ഞു, തകരുന്നത് കോൺഗ്രസ്സിന്റെ വിശ്വാസ്യത

കോണ്‍ഗ്രസ്സ് നേതാക്കളെല്ലാം നാളെ കാവിയണിയും എന്ന് കമ്യൂണിസ്റ്റുകള്‍ പറഞ്ഞാല്‍ അത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് കോണ്‍ഗ്രസ്സ് വാദിക്കാറ്.

എ.ഐ.സി.സി സെക്രട്ടറി ടോം വടക്കന്‍ കാവിയണിഞ്ഞപ്പോള്‍ വലിയ നേതാവല്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി തന്നെ പ്രതികരിച്ചിരുന്നത്. എന്നാലിപ്പോള്‍ ദേശീയ തലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ വക്താവ് പ്രിയങ്ക ചതുര്‍വേദി തന്നെ കാവിയണിഞ്ഞിരിക്കുകയാണ്. സാധാരണ കാവിയല്ല, കൊടും കാവി, ബി.ജെ.പിയേക്കാള്‍ തീവ്രഹിന്ദുത്വ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ശിവസേനയാണ് സ്വന്തം തട്ടകമായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നിന്നും കാവി രാഷ്ട്രീയത്തിലേക്ക് അധികം ദൂരമില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ മലക്കം മറിച്ചില്‍. തന്നെ അപമാനിച്ചവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക പാര്‍ട്ടി വിട്ടത്. സ്ത്രീ സുരക്ഷയാണ് കോണ്‍ഗ്രസ്സിന് പ്രധാനമെന്ന് പറയുന്ന രാഹുല്‍ ഗാന്ധിയുടെ കരണത്ത് കിട്ടിയ അടിയായി ഈ രാജി മാറിക്കഴിഞ്ഞു.

tom vadakkan

എത്രയോ മതേതര പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ടായിട്ടും കോണ്‍ഗ്രസ്സ് ദേശീയ വക്താവ് കാവി രാഷ്ട്രീയം തിരഞ്ഞെടുത്തത് കോണ്‍ഗ്രസ്സ് രാഷ്ട്രീയവുമായി ചേര്‍ന്ന് പോകുന്നത് കൊണ്ടാണോ ? ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ്, രാഹുല്‍ ഗാന്ധിയുമാണ്. ഇനി പ്രിയങ്കയുടെ നാവുകള്‍ കാവിരാഷ്ട്രീയത്തിന് വേണ്ടിയാണ് ചലിക്കുക.

ടോം വടക്കനെ പോലെ തെക്ക് വടക്ക് നടക്കുന്ന ആളല്ല പ്രിയങ്ക ചതുര്‍വേദി. അവര്‍ ഇതിനകം തന്നെ ദേശീയതലത്തില്‍ കഴിവ് തെളിയിച്ച വക്താവാണ്. എത്ര പ്രതികൂല സാഹചര്യം കോണ്‍ഗ്രസ്സിന് ഉണ്ടായാലും പ്രിയങ്കയുടെ നാവുകള്‍ ഒരുക്കുന്ന പ്രതിരോധം എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു.അതു കൊണ്ട് തന്നെയാണ് കോണ്‍ഗ്രസ്സ് മീഡിയ തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പോലും ഒരക്ഷരം പ്രിയങ്കക്കെതിരെ ഇപ്പോഴും പ്രതികരിക്കാതിരിക്കുന്നത്.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് നേതാവിനും അവരെ എതിര്‍ക്കാന്‍ ധാര്‍മ്മികമായി അവകാശവും ഇല്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രിയങ്ക ചതുര്‍വേദിയുടെ ശിവസേന പ്രവേശനത്തിന് പിന്നില്‍ തന്നെ രാഹുല്‍ ഗാന്ധിയാണ്. പ്രിയങ്കയെ അപമാനിച്ചവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലായിരുന്നു എങ്കില്‍ അവര്‍ കോണ്‍ഗ്രസ്സ് വിടില്ലായിരുന്നു.

priyanka chadurvedi

പ്രിയങ്ക ചതുര്‍ വേദിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ പ്രതികരണം. ഉദ്ധവ് നേരിട്ടാണ് പ്രിയങ്കക്ക് ശിവസേനയില്‍ അഗത്വം നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ ജയിപ്പിച്ച് വിടുന്ന കോണ്‍ഗ്രസ്സ് എം.പിമാരും നാളെ കാവിയണിയില്ലെന്ന് എന്താണ് ഉറപ്പെന്ന ചോദ്യമാണ് ഇതോടെ ശക്തമായിരിക്കുന്നത്. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് കാവി രാഷ്ട്രീയമെന്നാണ് ഈ കൂട് മാറ്റങ്ങളെ സി.പി.എം വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ നിന്നു പോലും യു.ഡി.എഫ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേക്കേറുമെന്നാണ് ചെമ്പടയുടെ മുന്നറിയിപ്പ് .

നിലവില്‍ മത്സരിക്കുന്ന ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ബി.ജെ.പി നേതാക്കളുമായുള്ള ബന്ധവും സി.പി.എം ചൂണ്ടിക്കാട്ടുന്നു. അതേസമയം കേരളാ കോണ്‍ഗ്രസ്സ് നേതാവ് ജോസ്.കെ മാണിയെ ലക്ഷ്യമിട്ട് ഇതിനകം തന്നെ ബി.ജെ.പി കരുനീക്കങ്ങള്‍ നടത്തുന്നതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്‍.ഡി.എ നേതാവായ പി.സി തോമസിനെ മുന്‍ നിര്‍ത്തിയാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതിനോടൊപ്പം തന്നെ അവര്‍ കുറ് മാറാന്‍ ഉള്ള സാധ്യത തടയുക എന്നതും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഫല പ്രഖ്യാപനം വന്നാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് എം.പിമാരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഹൈക്കമാന്റ് തന്നെ രഹസ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്.

എന്നാല്‍ ഒരുമുഴം മുന്‍പേ ഫലപ്രഖ്യാപനത്തിന് മുന്‍പ് എം.പിമാരാവാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ ചാക്കിട്ട് പിടിക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം ആയിരിക്കും കേന്ദ്രത്തില്‍ വരിക എന്ന കണക്ക് കൂട്ടലില്‍ പ്രാദേശിക പാര്‍ട്ടികളെ സ്വാധീനിക്കാനും കോണ്‍ഗ്രസ്സും ബി.ജെ.പിയും ശ്രമം തുടങ്ങിയിട്ടുണ്ട്.

എസ്.പി ,ബി.എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍, ടി.ആര്‍.എസ് പാര്‍ട്ടികളെയാണ് പ്രധാനമായും ഇരു വിഭാഗങ്ങളും ലക്ഷ്യമിടുന്നത്. ഡി.എം.കെ പിന്തുണ കോണ്‍ഗ്രസ്സ് ഉറപ്പിക്കുമ്പോള്‍ ആ പാര്‍ട്ടിയെ പിളര്‍ത്താനാണ് ബി.ജെ.പി ശ്രമം.

മമത ബാനര്‍ജി കിംഗ് മേക്കറാവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി അവര്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷ. എന്നാല്‍ മുന്‍പ് വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായ തൃണമുല്‍ കോണ്‍ഗ്രസ്സ് വൈര്യം വെടിഞ്ഞ് ബി.ജെ.പിക്ക് പിന്തുണ നല്‍കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് കാവി പടയുടെ കണക്ക് കൂട്ടല്‍ . തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മമതയ്ക്കും കാവിയോട് മമതക്കുറവുണ്ടാകാന്‍ സാധ്യതയില്ല. ചുരുക്കി പറഞ്ഞാല്‍ സി.പി.എമ്മും ഇടത്പക്ഷവും ഒഴികെ ഏത് പാര്‍ട്ടിയെ സ്വാധീനിക്കാനും ബി.ജെ.പിക്ക് കഴിയും.

Team Express Kerala

Top