ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നില്ല; അമിത് ഷാക്ക് ഖാര്‍ഗെയുടെ കത്ത്

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമില്‍ പൊലീസ് സുരക്ഷ ഒരുക്കുന്നില്ലെന്ന് കാണിച്ചാണ് കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുലിന്റെ വാഹനവ്യൂഹത്തിന്റെ സമീപത്തേക്ക് വരാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് അസം പൊലീസ് അനുവാദം നല്‍കി. രാഹുലിന്റെ സുരക്ഷാവലയം ഭേദിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് രാഹുലിന്റെയും സംഘത്തിന്റെയും ശാരീരിക സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാവീഴ്ച ഉണ്ടായതിന്റെ തെളിവുകളെല്ലാം ലഭ്യമാണ്. എന്നാല്‍, കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ അധികൃതര്‍ ചെയ്തിട്ടില്ല. ഇത് തുടര്‍ യാത്രയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സുരക്ഷാവീഴ്ച ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അസം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും അമിത് ഷായോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.

Top