കോൺഗ്രസ്സും ബി.ജെ.പിയും എല്ലാം കണ്ടു പഠിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടികളെ

സ്വന്തം പാര്‍ട്ടിയില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താനായത് മഹാ സംഭവമായാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ആഘോഷിക്കുന്നത്. രാജ്യഭരണം പിടിച്ചതു പോലുള്ള ഒരാവേശ പ്രകടനമാണിത്. ഇങ്ങനെ പ്രതികരിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളോട് സഹതപിക്കുകയേ നിവൃത്തിയൊള്ളൂ. പ്രസിഡന്റ് മാറിയത് കൊണ്ടു മാത്രം ഒരു പാര്‍ട്ടിയിലും മാറ്റങ്ങള്‍ സംഭവിക്കുകയില്ല. സംഘടനാപരമായ ഉണര്‍വ്വും കരുത്തുമാണ് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത്. താഴെ തട്ടു മുതല്‍ ജനാധിപത്യ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. അതിനു ശേഷം ഏറ്റവും ഒടുവില്‍ ദേശീയ സമ്മേളനം നടത്തി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയായിരുന്നു എങ്കില്‍ അതിന് ഒരു അന്തസൊക്കെ ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവച്ചിരിക്കുന്നത് അതല്ല. നെഹ്‌റു കുടുംബം മാറി നിന്ന് അവരുടെ വിശ്വസ്തനെ പാര്‍ട്ടി അദ്ധ്യക്ഷനാക്കുകയാണ് ചെയ്തിരിക്കുന്നത്. മത്സരവും വോട്ടിങ്ങും എല്ലാം വെറും ഒരു ചടങ്ങിന് നടത്തി എന്നു തന്നെ വേണം കരുതാന്‍. ഈ തിരഞ്ഞെടുപ്പ് തന്നെ ഒരു തിരക്കഥയായിരുന്നു എന്ന സംശയവും ഇപ്പോള്‍ വ്യാപകമായി ഉയരുന്നുണ്ട്. അതിനുള്ള മറുപടിയും കോണ്‍ഗ്രസ്സ് നേതൃത്വമാണ് നല്‍കേണ്ടത്. നെഹ്‌റു കുടുംബത്തെ ധിക്കരിച്ച് ഒരു തീരുമാനം പോലും പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്റും എടുക്കാന്‍ പോകുന്നില്ല. കാരണം അത്രയ്ക്കും ആ കുടുംബത്തില്‍ നിയന്ത്രിതമാണ് കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി. അതാകട്ടെ ഇന്നലെയും അങ്ങനെയാണ് ഇന്നും അങ്ങനെ തന്നെയാണ് നാളെയും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. കോണ്‍ഗ്രസ്സിന്റെ ഗതികേടാണത്.

ഇവിടെയാണ് കമ്യൂണിസ്റ്റു പാര്‍ട്ടികളെ കോണ്‍ഗ്രസ്സ് കണ്ടു പഠിക്കേണ്ടത്. രാജ്യത്തെ ചെറിയ പാര്‍ട്ടിയാണെങ്കിലും എല്ലാ സംസ്ഥാനത്തും കൃത്യമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മാത്രമാണ്. ബ്രാഞ്ച് തലം മുതല്‍ കേന്ദ്ര കമ്മറ്റിയും പൊളിറ്റ് ബ്യൂറോയും വരെ നടക്കുന്നതും ജനാധിപത്യ രീതിയിലുള്ള ഇടപെടലാണ്. പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല അത്. കൃത്യമായി വിമര്‍ശനവും സ്വയം വിമര്‍ശനങ്ങളും കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ഉണ്ടാകും. ഏത് ഉന്നത നേതാവും വിമര്‍ശനത്തിന് അതീതനല്ലന്നതും വ്യക്തം. സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും ഗൗരവമായാണ് താഴെ തട്ടുമുതല്‍ ചര്‍ച്ച ചെയ്യപ്പെടുക. നയരൂപീകരണം ഉള്‍പ്പെടെ കാലത്തിന് അനുസരിച്ച് നടത്തേണ്ട മാറ്റങ്ങള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഈ സമ്മേളനങ്ങളിലാണ് ഉണ്ടാകാറുള്ളത്. പ്രാദേശിക വിഷയം മുതല്‍ അന്താരാഷ്ട്ര വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്ന സമ്മേളനങ്ങള്‍ കൂടിയാണിത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഇത്തരം സമ്മേളനങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മാറ്റിവയ്ക്കാറില്ലന്നതും നാം ഓര്‍ക്കണം.

ഇതു പോലെ ഒരു സംഘടനാ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ്സിന് മാത്രമല്ല രാജ്യത്തെ മറ്റൊരു പാര്‍ട്ടികള്‍ക്കും ചിന്തിക്കാന്‍ പോലും കഴിയുകയില്ല. പ്രത്യയ ശാസ്ത്രപരമായ നിലപാടുകള്‍ക്കും അപ്പുറം, നേതാക്കളുടെ വ്യക്തപരമായ നിലപാടുകളാണ് , ബൂര്‍ഷ്വാ പാര്‍ട്ടികളെ ഇന്നും നയിച്ചു കൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആര്‍.എസ്.എസ് ആണ്. മോദിയെ പ്രധാനമന്ത്രിയാക്കിയതും അമിത് ഷായെയും യോഗി ആദിത്യനാഥിനെയും ഉള്‍പ്പെടെ ഉയര്‍ത്തി കൊണ്ടു വന്നതും ഇതേ ആര്‍.എസ്.എസ് തന്നെയാണ്. ആര്‍.എസ്.എസ് മേധാവിയുടെ കാലാവധിയാകട്ടെ മരണം വരെയുമാണ്. ജനാധിപത്യ രീതിയിലുള്ള ഒരു സംഘടനാ തിരഞ്ഞെടുപ്പ് ആര്‍.എസ്.എസില്‍ പോലും നടക്കാറില്ലന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണമാണ്. ബി.ജെ.പിയില്‍ നോമിനേറ്റഡ് സംവിധാനമാണ് നിലവിലുള്ളത്. അഖിലേന്ത്യാ പ്രസിഡന്റു മുതല്‍ പ്രാദേശിക തലം വരെ ഇപ്പോഴും നടക്കുന്നതും അതു തന്നെയാണ്. എങ്കിലും, ഇതെങ്കിലും കൃത്യമായി നടക്കുന്നതിനാല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഭേദമാണ് എന്നു തന്നെ പറയേണ്ടി വരും. ബി.ജെ.പിക്ക് ആര്‍.എസ്.എസ് ആണ് ‘ഗോഡ് ഫാദറെങ്കില്‍ ‘ കോണ്‍ഗ്രസ്സില്‍ അത് നെഹറു കുടുംബമാണ്. അവര്‍ തന്നെയാണ് പ്രധാന അധികാര കേന്ദ്രവും.
കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത് ആറു തവണമാത്രമാണ്. ഇതില്‍ തന്നെ മഹാത്മാ ഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും സ്ഥാനാര്‍ഥികള്‍പോലും തോറ്റ ചരിത്രവും ഉണ്ട്. അത് പഴയ ചരിത്രമാണെങ്കില്‍ പുതിയ കാലത്ത് നരസിംഹറാവു ഉള്‍പ്പെടെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായ ചരിത്രവുമുണ്ട്. എന്നിട്ടും നെഹ്‌റു കുടുംബത്തിന് ആ പാര്‍ട്ടിയിലുള്ള ആധിപത്യം തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കുടുംബാധിപത്യം തന്നെയാണ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അവരുടെ കരുത്തും ദൗര്‍ബല്യവും.

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഇന്നില്ല. അത്തരം ഒരു നേതാവിനെ കോണ്‍ഗ്രസ്സ് വളര്‍ത്തി കൊണ്ടു വന്നിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഈ നിലപാട് തുടരുന്നിടത്തോളം കാലം കോണ്‍ഗ്രസ്സില്‍ മാറ്റവും സാധ്യമല്ല. തരൂര്‍ മത്സരിച്ചത് പുതിയ ഒരു തുടക്കമായി കരുതുന്നവരോടും സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളൂ. കോണ്‍ഗ്രസ്സില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1939-ല്‍ ആണ്. അന്ന് ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയായ പട്ടാഭി സീതാരമയ്യക്കെതിരെ സുഭാഷ് ചന്ദ്രബോസാണ് മത്സരിച്ചിരുന്നത്. അദ്ദേഹം ജയിച്ചെങ്കിലും പിന്നീട് ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രസിഡന്റ് പദം രാജിവച്ച് കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറയുകയാണ് ഉണ്ടായത്. തുടര്‍ന്ന് 1950ല്‍ നെഹ്റുവിന്റെ നോമിനിയായ ആചാര്യ കൃപലാനിയെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിഭാഗം പിന്തുണച്ച പുരുഷോത്തം ദാസ് ടണ്ഠന്‍ തോല്‍പ്പിക്കുകയുണ്ടായി. എന്നാല്‍ 1952ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ടണ്ഠനും രാജിവയ്ക്കുകയുണ്ടായി. 1977 -ല്‍ ത്രികോണമത്സരമാണ് കോണ്‍ഗ്രസ്സില്‍ നടന്നത്. സിദ്ധാര്‍ഥ ശങ്കര്‍ റേ, കരണ്‍ സിങ് എന്നിവരെ തോല്‍പ്പിച്ച് അക്കാലത്ത് കെ ബ്രഹ്‌മാനന്ദ റെഡ്ഡിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നത് പക്ഷേ ഒരുവര്‍ഷം മാത്രമാണ്.

1997ല്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. നെഹ്റു കുടുംബത്തിന്റെ സ്ഥാനാര്‍ഥിയായ സീതാറാം കേസരി, ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും തോല്‍പ്പിച്ചാണ് വിജയിച്ചിരുന്നത്. ഇതു കഴിഞ്ഞ് 16 മാസത്തിനുശേഷം സോണിയ ഗാന്ധി നേരിട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയാണ് ഉണ്ടായത്. 2000 -ല്‍ ഈ നെഹ്റു കുടുംബാംഗം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദയാണ് മത്സരിച്ചിരുന്നത്. പ്രസാദയ്ക്ക് കേവലം 94 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. 2022ല്‍ ശശി തരൂരിനെതിരെ ഖാര്‍ഗെ ജയിക്കുമ്പോള്‍ ആയിരത്തില്‍ അധികം വോട്ടുകളാണ് നഷ്ടമായിരിക്കുന്നത്. ഈ വോട്ടുകള്‍ പിടിച്ച തരൂരിന് മത്സരം നാടകമല്ലങ്കില്‍ തീര്‍ച്ചയായും തല ഉയര്‍ത്തി നില്‍ക്കാവുന്നതാണ്. ഇതൊരു തുടക്കമായും അദ്ദേഹത്തിന് വേണമെങ്കില്‍ അവകാശപ്പെടാം.

സ്വാതന്ത്രത്തിന് ശേഷം 40 വര്‍ഷത്തിലേറെ നെഹ്റു കുടുംബത്തിന് കീഴിലായിരുന്നു കോണ്‍ഗ്രസ്. അതാണ് പ്രസിഡന്റ് മാറിയാലും ഇനിയും തുടരാന്‍ പോകുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിനെ ഇതുവരെ നയിച്ചത് 17 പേരാണ്. പതിനെട്ടാമനാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഖാര്‍ഗെ. ഇതില്‍ അഞ്ച് പേരും നെഹ്റു കുടുംബത്തില്‍ നിന്നായിരുന്നു. 1930ല്‍ ആദ്യമായി പ്രസിഡന്റായത് നെഹ്റുവായിരുന്നു 1936, 1937, 1951-54 എന്നീ കാലങ്ങളിലും അദ്ദേഹം പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് മകള്‍ ഇന്ദിര ഗാന്ധി 1959,1978-84 കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കുകയുണ്ടായി. ഇന്ദിരയുടെ മരണശേഷം മകന്‍ രാജീവ് ഗാന്ധിയാണ് പ്രസിഡന്റ് പദം ഏറ്റെടുത്തിരുന്നത്. 1984 മുതല്‍ 1991ല്‍ മരിക്കുന്നത് വരെ രാജീവ് തന്നെ ആയിരുന്നു പ്രസിഡന്റ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സോണിയാ യുഗത്തിന് തുടക്കമായിരുന്നത്. 1998 മുതലുള്ള 24 വര്‍ഷ കാലയളവില്‍ 22 വര്‍ഷവും കോണ്‍?ഗ്രസിനെ സോണിയയാണ് നയിച്ചിരുന്നത്. ഇടയില്‍ 2017 മുതല്‍ 2019 വരെ മകന്‍ രാഹുല്‍ പ്രസിഡന്റായി എന്നതു മാത്രമാണ് സാങ്കേതികമായ മാറ്റം.

ഇപ്പോള്‍ കോണ്‍ഗ്രസ്സ് നടത്തി എന്നു പറയുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സര്‍വ്വത്ര ആശയ കുഴപ്പമാണ് ഉണ്ടായിരിക്കുന്നത്. ആരൊക്കെയാണ് വോട്ടര്‍മാരെന്നതില്‍ അവസാനംവരെയും ആശയക്കുഴപ്പമുണ്ടായി എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. മൂവായിരത്തിലേറെ പേരുടെ വിലാസവും ഫോണ്‍ നമ്പരുമില്ല എന്നത് പൊതു സമൂഹത്തിനിടയില്‍ കോണ്‍ഗ്രസ്സിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. ആദ്യ വോട്ടര്‍പ്പട്ടികയില്‍നിന്ന് അഞ്ഞൂറോളം പേരെ അവസാന നിമിഷമാണ് നീക്കിയിരിക്കുന്നത്. പുതുതായി അറുനൂറിലേറെ പേരെ ഉള്‍പ്പെടുത്തുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരായ പിസിസി പ്രതിനിധികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന കോണ്‍ഗ്രസ് ഭരണഘടനാ വ്യവസ്ഥയും പാലിക്കപ്പെട്ടിട്ടില്ല. ബ്ലോക്ക് കമ്മിറ്റികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആരുമില്ലന്നതും വലിയ പരാതിക്കാണ് ഇടനല്‍കിയിരിക്കുന്നത്. പഞ്ചാബ് തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ക്രമക്കേടും ആരോപിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ തുടരുന്ന കുടുംബവാഴ്ച മാറരുതെന്ന നിര്‍ബന്ധം നേതൃത്വത്തിനുണ്ടായിരുന്നു എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. ‘പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയത് കൊണ്ട് എന്ത് നേട്ടമാണ് കോണ്‍ഗ്രസ്സിന് ഉണ്ടായത്’ എന്ന ചോദ്യത്തിന് കാലമാണ് ഇനി മറുപടി പറയേണ്ടത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോകസഭ തിരഞ്ഞെടുപ്പിലും പുതിയ അധ്യക്ഷന്റെ കഴിവു കൂടിയാണ് മാറ്റുരയ്ക്കപ്പെടുക. അക്കാര്യവും വ്യക്തമാണ് .


EXPRESS KERALA VIEW

Top