കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; യുപിയിലെ വോട്ടുകൾ റദ്ദാക്കണമെന്ന് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഗുരുതരമായ ക്രമക്കേട് നടന്നുവെന്ന ആരോപണമായി ശശി തരൂര്‍. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകള്‍ ഉണ്ടായെന്നാെണ് തരൂര്‍ പക്ഷത്തുള്ളവർ ആരോപിക്കുന്നത്. യുപിയില്‍ നിന്നുള്ള വോട്ടുകള്‍ റദ്ദാക്കണമെന്നും തരൂര്‍ പക്ഷത്തുള്ളവർ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് ആവശ്യപ്പെട്ടു.

‘ഞങ്ങള്‍ മധുസൂദനന്‍ മിസ്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തി, വിവിധ വിഷയങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്, ഇപ്പോള്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ല’ തരൂരിന്റെ തിരഞ്ഞെടുപ്പ് ഏജന്റായ സല്‍മാന്‍ അനീസ് സോസ് പറഞ്ഞു.

അതേ സമയം യുപിയിലെ ക്രമക്കേട് സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അറിയാമെന്നതിന് തങ്ങളുടെ പക്കല്‍ തെളിവില്ലെന്നും തരൂര്‍ മിസ്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന് ഇത്തരമൊരു കാര്യം അറിയുമായിരുന്നെങ്കില്‍ ഖാര്‍ഗെ അതിന് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

ബാലറ്റ് പെട്ടികളിലെ അനൗദ്യോഗിക മുദ്രകള്‍, പോളിംഗ് ബൂത്തുകളിലെ ഔദ്യോഗികകമല്ലാത്ത ആളുകളുടെ സാന്നിധ്യം, വോട്ടിംഗ് അപാകത തുടങ്ങിയ പ്രശ്നങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവുകളായി ഇതിന്റെ ചിത്രങ്ങളും തരൂര്‍ ടീം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായി കണക്കാക്കാക്കാന്‍ തങ്ങള്‍ക്കാവില്ല. അതിനാല്‍ ഉത്തര്‍പ്രദേശിലെ എല്ലാ വോട്ടുകളും അസാധുവായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും തരൂര്‍ ടീം വ്യക്തമാക്കി.

Top