കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പ്: മത്സരിക്കാനൊരുങ്ങി ദി​ഗ്വിജയ് സിം​ഗ്

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുതിർന്ന നേതാവ് ദി​ഗ്വിജയ സിം​ഗും മത്സരത്തിനുണ്ടായേക്കുമെന്ന് സൂചന. ഈ മാസം 30ന് അദ്ദേഹം നാമനിർദ്ദേശ പത്രിക നൽകുമെന്നാണ് വിവരം. ഇന്ന് അദ്ദേഹം ദില്ലിയിൽ തിരിച്ചെത്തും. അശോക് ​ഗെലോട്ടിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം സംശയത്തിലായതോടെ ദി​ഗ്വിജയ് സിം​ഗ്, മല്ലികാർജുൻ ഖാർ​, കെ സി വേണു​ഗോപാൽ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരി​ഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ശശി തരൂർ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടുണ്ട്.

രാജസ്ഥാനിലെ വിമതനീക്കമാണ് ​ഗെലോട്ടിന് തിരിച്ചടിയായത്. വിശ്വസ്തനായ ​ഗെലോട്ടിന്റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗാന്ധി കുടുബത്തിന്റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടഞ്ഞിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി നേതൃത്വം തേടുകയാണ്. വിഷയത്തിൽ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി എ കെ ആന്റണി കൂടിക്കാഴ്ച നടത്തും. രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തിയിട്ടുണ്ട്.

ഗെലോട്ടിനെ കാണാൻ സോണിയാ ഗാന്ധി തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യാത്രയ്ക്ക് മുന്നോടിയായി ഗെലോട്ട് സംസ്ഥാനത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍നാഥ്, അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും തള്ളിയിട്ടില്ല എന്ന സൂചന നല്‍കുന്നതാണ്. അച്ചടക്ക നടപടിയെടുത്താല്‍ തിരിച്ചടിയാകുമെന്ന് കണ്ട് അശോക് ഗെലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയാണ് എഐസിസി നിരീക്ഷകര്‍ രാജസ്ഥാൻ വിഷയത്തിൽ റിപ്പോര്‍ട്ട് നല്‍കിയത്. സമാന്തര യോഗം നടത്തിയതിന് മന്ത്രി ശാന്തി ധരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മ്മന്ദ്ര റാത്തോഡ് എംഎല്‍എ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. മൂവരും 10 ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിർദ്ദേശം.

Top