കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: അശോക് ഗെലോട്ട് മത്സരിക്കും

ഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ‘മത്സരിക്കാൻ തീരുമാനിച്ചു.നാമനിർദ്ദേശ പത്രിക ഉടൻ നൽകുc, ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരത്തിനുണ്ടാകില്ല’ ഗെലോട്ട് വ്യക്തമാക്കി. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മത്സരിക്കുമെന്ന് ഉറപ്പായി . ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ശശി തരൂര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഗെലോട്ട് തരൂര്‍ മത്സരത്തിന് വഴിയൊരുങ്ങുകയാണ്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിൻ പൈലറ്റിനെ ഹൈക്കമാൻഡ് പിന്തുണച്ചേക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി പദവും കോണ്‍ഗ്രസ് അധ്യക്ഷ പദവും ഒരുമിച്ച് വഹിക്കാമെന്ന ഗെലോട്ടിന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റ് എത്തുന്നത് ഗെലോട്ടിന് താല്‍പര്യമുള്ള കാര്യമല്ല. മുഖ്യമന്ത്രിയെ താന്‍ നിര്‍ദേശിക്കാമെന്ന ഗെലോട്ടിന്റെ ആവശ്യവും ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കില്ല. ഗെലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ അവഗണിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രബലമായ രണ്ട് വിഭാഗമാണ് ഗെലോട്ടും സച്ചിന്‍ പൈലറ്റും. മുഖ്യമന്ത്രി സ്ഥാനമുന്നയിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിച്ചത്.

Top