കനത്ത പോളിംഗ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാകുമെന്നും ഉയര്‍ന്ന പോളിംഗ് ശതമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.68 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം (82.27) കണ്ണൂര്‍ മണ്ഡലത്തിലായിരുന്നു. കുറഞ്ഞ പോളിംഗ് ശതമാനം (73.38) തിരുവനന്തപുരത്തും.

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയിലുണ്ടാക്കിയ ഉണര്‍വിന്റെ കൂടി പശ്ചാത്താലത്തില്‍ അനുകൂല തരംഗമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കാസര്‍ഗോഡ് ആലത്തൂര്‍ ഉള്‍പ്പെടെ ഏത് മണ്ഡലങ്ങളിലും ജയം ഉണ്ടാകാം. ശക്തമായ പോരാട്ടം നടന്ന വടകരയിലും കോഴിക്കോടുമെല്ലാം യു.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ ഭൂരിപക്ഷ മൂന്ന ലക്ഷത്തോളം എത്തിയേക്കാം.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ വിജയം ഉറപ്പാണെന്ന് നേതാക്കള്‍ പറയുന്നു. കോട്ടയം, ആലപ്പുഴ, മാവേലിക്കര, ഇടുക്കി, എറണാകുളം, ചാലക്കുടി എന്നിങ്ങനെ മധ്യകേരളം ആകെ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിക്കുകയാണ്. മലപ്പുറം പൊന്നാനിയും ലീഗിന്റെ കോട്ടകളായി തന്നെ തുടരുമെന്നും യു.ഡി.എഫ് കരുതുന്നു.

Top