അതിന് കഴിയാത്തവരാണ് അമ്മമാര്‍ക്ക് മക്കളെ ഇല്ലാതാക്കുന്നത്; കൊലപാതകത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍

പാലക്കാട്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഷാഫി പറമ്പില്‍ എംഎല്‍എ.

കാസര്‍ഗോഡ് എത്തി .. പ്രിയ സഹോദരന്മാരെ അവസാന നോക്ക് കാണാന്‍.. സഹപ്രവര്‍ത്തകര്‍ സംയമനം പാലിക്കണം .അതൊരു ദൗര്‍ബല്യമോ കഴിവ് കേടോ അല്ല . എല്ലാവര്‍ക്കും കഴിയുന്നതുമല്ല.. അതിന് കഴിയാത്തവരാണ് അമ്മമാര്‍ക്ക് മക്കളെ ഇല്ലാതാക്കുന്നത് ..എന്നു തുടങ്ങുന്ന എംഎല്‍എയുടെ പോസ്റ്റില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ ഒന്നടങ്കം വിമര്‍ശിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കാസർഗോഡ് എത്തി ..
പ്രിയ സഹോദരന്മാരെ അവസാന നോക്ക് കാണാൻ..
സഹപ്രവർത്തകർ സംയമനം പാലിക്കണം .
അതൊരു ദൗർബല്യമോ കഴിവ് കേടോ അല്ല .
എല്ലാവർക്കും കഴിയുന്നതുമല്ല.. അതിന് കഴിയാത്തവരാണ് അമ്മമാർക്ക് മക്കളെ ഇല്ലാതാക്കുന്നത് ..
നെഞ്ചിൽ കൈ വെച്ച് പറയാം കോൺഗ്രസ്സിന്റെ കൊടി പിടിച്ച ഒരാൾ കൊല്ലപ്പെടുമ്പോൾ മാത്രം തോന്നുന്ന വേദനയല്ല ..
അഭിമന്യു കൊല്ലപ്പെട്ടപ്പോഴും മനസ്സ് വേദനിച്ചിട്ടുണ്ട് .. പ്രതികരിച്ചിട്ടുമുണ്ട് ..ചന്ദ്രശേഖരനാണെങ്കിലും
ഷുക്കൂറാണെങ്കിലും ഷുഹൈബാണെങ്കിലും രമിത് ആണെങ്കിലും ഹനീഫയാണെങ്കിലുമെല്ലാം ആ വേദന ഉണ്ട് .
കൊല്ലപ്പെടുന്നത് ഏത് കൊടിപിടിക്കുന്നവൻ എന്ന് നോക്കാതെ തന്നെ എതിർക്കപ്പെടേണ്ട കാടത്തമാണ് ഈ കൊലപാതക രാഷ്ട്രീയം .

എന്നാൽ സെലക്ടീവ് വേദന മാത്രം പങ്ക് വെക്കുന്ന ഇരട്ടത്താപ്പ് ഈ അക്രമങ്ങൾ അവസാനിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു .
ചന്ദ്രശേഖരനെ തുണ്ടം തുണ്ടമാക്കിയ കൊടി സുനിയെ പോലും ജയിലിൽ സന്ദർശിക്കാൻ കോടിയേരി ബാലകൃഷ്ണന് മടിയില്ലാതാവുമ്പോൾ പിന്നെ ഇതെങ്ങിനെ അവസാനിക്കും ?
കുഞ്ഞനന്തന് പരോൾ കൊടുക്കുന്ന നിങ്ങളുടെ മാനുഷിക പരിഗണനയിൽ എന്തെ ജീവിച്ചിരിക്കാനുള്ള ഈ ചെറുപ്പക്കാരുടെ അവകാശം കടന്ന് വരാത്തത് ..

അണികളാരോ ജയരാജനെ കുറിച്ച് ഒരു പാട്ടെഴുതിയപ്പോ പാർട്ടി കമ്മിറ്റിയിൽ നടപടി പ്രഖ്യാപിച്ച നിങ്ങളെന്തേ മീശ മുളച്ചിട്ടില്ലാത്ത ഒരു പയ്യനെ പട്ടാപകൽ 100കണക്കിന് ആളുകളുടെ മുന്നിൽ കൊന്ന് തള്ളിയ ഉത്തരവിൽ ഒപ്പിട്ട കാലനായി മാറിയ ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കാൻ ഏതറ്റവും വരെ പോവുന്നത് ?
നിങ്ങളുടെ യുവജന സംഘടനയുടെ നേതാവും MLA യുമായ ഒരാൾ ഈ ഗൂഡാലോചനയിൽ പങ്കാളിയാണ് എന്ന് തെളിവ് സഹിതം കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ട് പോലും പുലർത്തുന്ന മൗനത്തിന്റെ അർത്ഥമെന്താണ് ?

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലിരുന്ന് അവനവന്റെ പാർട്ടിക്കാരൻ കൊല്ലപ്പെടുമ്പോൾ മാത്രം സന്ദർശിക്കുകയും അല്ലാത്തപ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന നിലപാട് കൊലപാതക രാഷ്ട്രീയ പ്രവണതകളെ ചെറുക്കാൻ പര്യാപ്തമല്ല എന്ന് തിരിച്ചറിയാനാവാത്ത ആളൊന്നുമല്ലല്ലോ പിണറായി . ജയരാജനെതിരെ CBI നടപടി രാഷ്ട്രീയ പ്രേരിതമല്ല എന്ന് പറയാൻ VS പോലും ശ്രമിച്ചപ്പോൾ മുഖ്യൻ പാലിച്ച മൗനം പലതിലുമുള്ള പങ്കിനെ തന്നെയാണ് കാണിക്കുന്നത് ..
അല്ലെങ്കിൽ മാഷാ അല്ലാഹ് സ്റ്റിക്കർ ചൂണ്ടികാണിക്കേണ്ട ഗതികേടിലേക്ക് നിങ്ങൾ എത്തില്ലല്ലോ ..

ഷുഹൈബിനെ കൊന്ന കേസിലെ പ്രതിയെ പാർട്ടിയുടെ ഹീറോ ആയി വാഴ്ത്തുന്ന സോഷ്യൽ മീഡിയ വിപ്ലവത്തോട് അരുതെന്നു പറയാത്ത നിങ്ങളുടെ നിസ്സംഗത ഇനിയും കൊന്നോളൂ ആഘോഷിച്ചോളു എന്ന ആഹ്വാനമല്ലേ കൊടുക്കുന്നത് …

കൊന്ന് കൊല്ലിച്ചും മതിയായെങ്കിൽ കുറഞ്ഞ പക്ഷം ബോറടിക്കുകയെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവസാനിപ്പിക്കാം ഈ കാടത്തം ..

ഇല്ലെങ്കിലും ഈ കൊടി ഞങ്ങൾ താഴെ വെക്കില്ല ..
നിങ്ങളെത്ര കൊന്നാലും ..

Top