കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

ഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗട്ടിലെ റായ്പൂരിൽ ഇന്ന് തുടക്കം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം. രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. വൈകീട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി, പ്ലീനറിയിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾക്ക് അംഗീകാരം നൽകും

അതേസമയം തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ പുതിയ പ്രവർത്തക സമിതി വൈകിയേക്കും. നാമനിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ ഖർഗയെ ചുമതലപ്പെടുത്താനാണ് നീക്കം. അങ്ങനെയെങ്കിൽ പ്രഖ്യാപനത്തിന് കാലതാമസമെടുക്കും.

കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾസമ്മേളനത്തിൽ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.

Top