4 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആഹ്വാനവുമായി പ്ലീനറി സമ്മേളനം

റായ്പൂർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനമാകുമ്പോൾ നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ആഹ്വാനം. രാജസ്ഥാൻ, മധ്യപ്രദേശ്, കർണ്ണാടകം, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകൾ അതി നിർണ്ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാൻ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ജയിക്കാനും പാർട്ടിക്ക് പ്രതാപം തിരിച്ചിപിടിക്കാനും ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി. ഇതിനായുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

അതേസമയം കർഷകരെ മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രിക്കരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്ലീനറിയിലെ കാർഷിക പ്രമേയം. അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങളുടെ പേരിൽ കർഷകർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാകില്ലെന്ന് പ്രമേയത്തിലൂടെ കോൺഗ്രസ് വ്യക്തമാക്കി. കർഷകരുടെ ഭൂമി ജപ്തി നടപടികൾക്ക് വിധേയമാക്കില്ലെന്നും 6 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നും കാർഷിക പ്രമേയം പറയുന്നു. താങ്ങുവില നിയമ വിധേയമാക്കുമെന്നും എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കുമെന്നും വില നിർണ്ണയത്തിൽ കർഷക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Top