രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമസഭ സമ്മേളനം വിളിക്കാന്‍ തന്ത്രവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിയമസഭ സമ്മേളനം വിളിക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്. രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപി ശക്തമായിരിക്കെയാണ് പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. കൊവിഡ് ചര്‍ച്ച ചെയ്യാന്‍ മാത്രമായി സമ്മേളനം ചേരണമെന്ന പുതിയ ശുപാര്‍ശ മുഖ്യമന്ത്രി അശോക് ഗലോട്ട് ഗവര്‍ണ്ണര്‍ക്ക് നല്‍കി.

എംഎല്‍എമാരെ അയോഗ്യരാക്കുന്നത് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ രാജസ്ഥാന്‍ സ്പീക്കര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചേക്കും. വെള്ളിയാഴ്ച പ്രത്യേക യോഗം വിളക്കണം എന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം മന്ത്രിസഭ വിളിച്ച് പുതിയ ശുപാര്‍ശ കൈമാറി. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തി.

സ്പീക്കര്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഇത് പിന്‍വലിക്കാനാണ് കോണ്‍ഗ്രസ് ആലോചന. ജനാധിപത്യ സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് നാളെ രാജ്ഭവനുകളിലേക്ക് മാര്‍ച്ച് നടത്തും. സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചില പാര്‍ട്ടി നേതാക്കളും കൂട്ടുനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് പി ചിദംബരം പ്രതികരിച്ചത്.

Top