ഇനിയും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവർ ലോക് സഭ സീറ്റുകളും തൂത്തുവാരുമെന്ന് . . .

rahul gandhi

കൊച്ചി: ഇടതുപക്ഷം ചെങ്ങന്നൂരില്‍ നേടിയ തകര്‍പ്പന്‍ വിജയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ 20ല്‍ 16 സീറ്റും ചെമ്പട നേടാന്‍ സാധ്യത ഉണ്ടെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് മുന്നറിയിപ്പ്.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവാണ് ഇക്കാര്യം വെള്ളിയാഴ്ച രാവിലെ ഹൈക്കമാന്റിനെ അറിയിച്ചത്. രാഹുലുമായി കൂടിക്കാഴ്ചക്ക് അദ്ദേഹം സമയവും ചോദിച്ചിട്ടുണ്ട്.

പിണറായി സര്‍ക്കാറിനെതിരായി പ്രതിപക്ഷം എന്ന നിലയില്‍ യു.ഡി.എഫ് തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി തലപ്പത്തും പൊളിച്ചെഴുത്ത് വേണമെന്നുമാണ് ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെടാനാണ് തീരുമാനം.

oommen chandy-chennithala

ഇത്രയും വിവാദങ്ങള്‍ ഉണ്ടായിട്ടും ഇടതുപക്ഷത്തെ പോലും ഞെട്ടിച്ച ഭൂരിപക്ഷം അവര്‍ക്ക് കിട്ടിയത് ഗൗരവമായി പരിശോധിക്കണമെന്നും മാണി കൂടി പിന്തുണ നല്‍കിയില്ലായിരുന്നുവെങ്കില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുമായിരുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയ്ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എസ്.എന്‍.ഡി.പി യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും പിന്തുണ ഇല്ലാതിരുന്നിട്ടും ബി.ജെ.പി ചെങ്ങന്നൂരില്‍ 35270 വോട്ട് നേടിയത് അപകടകരമായ സൂചന നല്‍കുന്നുവെന്നും ലോക്‌സഭയില്‍ സിറ്റിംങ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ ബി.ജെ.പി നേടുന്ന വോട്ടുകള്‍ കാരണമാകുമെന്നും ആണ് നേതാവിന്റെ വിലയിരുത്തല്‍.

ജാതി-മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് നേടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കണം.

ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളം എന്നെന്നേക്കുമായി യുഡിഎഫിന് കൈവിട്ടു പോകുമെന്ന മുന്നറിയിപ്പോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

sudheeran

നിലവില്‍ സംസ്ഥാനത്ത് നിന്നുള്ള 20 ലോക്‌സഭ മണ്ഡലങ്ങളില്‍ 12 ഉം യു.ഡി.എഫിനാണ്. എട്ടെണ്ണമാണ് ഇടതുപക്ഷത്തിനുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ മാത്രമാണ് ഇടതിന്റെ കൈവശമുള്ളത്.

ജാതി-മത സമവാക്യങ്ങള്‍ ചെങ്ങന്നൂരിനെ പോലെ ഇടതിനെ തുണച്ചാല്‍ മലപ്പുറം, പൊന്നാനി, വയനാട് ഒഴികെ പിന്നെ എറണാകുളം മാത്രമാണ് പ്രതീക്ഷക്ക് വകയൊള്ളുവെന്നതാണ് മുസ്ലീംലീഗ് ഇപ്പോള്‍ വിലയിരുത്തുന്നത്.

ഇതിനിടെ ഇപ്പോള്‍ പുറത്തുവന്ന ത്രിതല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷം വന്‍ മുന്നേറ്റം നടത്തിയത് യു.ഡി.എഫിന് വീണ്ടും പ്രഹരമായിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡില്‍ 12 ഉം ഇടതുപക്ഷമാണ് നേടിയത്. 35 വര്‍ഷമായി കോണ്‍ഗ്രസ്സ് വിജയിച്ചിരുന്ന വിളപ്പില്‍ശാല കരുവിലാഞ്ചേരി വാര്‍ഡടക്കം മൂന്ന് വാര്‍ഡുകള്‍ ഇടതുപക്ഷം പിടിച്ചെടുത്തു. 518 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിലെ വിജയകുമാറിനെ സിപിഐ എമ്മിലെ ആര്‍ എസ് രതീഷാണ് ഇവിടെ പരാജയപ്പെടുത്തിയത്.35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡിലാണ് ചെങ്കൊടി പാറിയത്.

കോണ്‍ഗ്രസ്സ് അംഗത്തിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊല്ലം കോര്‍പ്പറേഷനിലെ അമ്മന്‍നട എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ചന്ദ്രികാദേവിയാണ് 242 വോട്ടിന് വിജയിച്ചത്.

കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് വാര്‍ഡില്‍ സിപിഐഎമ്മിലെ ആര്‍ എസ് ജയലക്ഷ്മി 1581 വോട്ടിന് വിജയിച്ചു. പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡില്‍ 3 ഇടത്തും എല്‍ഡിഎഫ് തന്നെയാണ് വിജയിച്ചത്.

cpm

യുഡിഎഫ് സിറ്റിങ് സീറ്റുകളായ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ഓന്തേക്കാട് വടക്ക്, ഓന്തേക്കാട്, കുഴിക്കാല കിഴക്ക് , റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡ്, പന്തളം തെക്കേകര പൊങ്ങലടി 12ാം വാര്‍ഡ് എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

130 വോട്ടുകള്‍ക്ക് പന്തളം പൊങ്ങലടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിച്ചു. ആകെ പോള്‍ ചെയ്ത 862 വോട്ടില്‍ 400 വോട്ടുകള്‍ എല്‍ഡിഎഫ് നേടി. ശാലിനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി (270 വോട്ട്). ബിജെപി സ്ഥാനാര്‍ത്ഥിയായി അനീഷും (94) , കെ ആര്‍ സുനിലെന്ന സ്വതന്ത്രനു (98) മായിരുന്നു മത്സരരരംഗത്തുണ്ടായിരുന്നത് . പൊങ്ങലടി വാര്‍ഡ് അംഗം മധുസൂദനന്‍ മാര്‍ച്ചില്‍ മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

റാന്നി അങ്ങാടി കരിങ്കുറ്റിയ്ക്കല്‍ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ദീപാ സജി എട്ട് വോട്ടുകള്‍ക്കാണ് ജയം ഉറപ്പിച്ചത്. മിനി ജോസ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ വിദേശത്തേയ്ക്ക് പോയതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

മലപ്പുഴശ്ശേരി പഞ്ചായത്തില്‍ ഓന്തേകാട് വടക്ക്, ഓന്തേകാട്, കുഴിക്കാല വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നു. മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് സിപിഐ എം സ്ഥാനാര്‍ഥികള്‍ തന്നെയാണ് വിജയിച്ചത്. നാലാം വാര്‍ഡില്‍ (ഓന്തേകാട്) സിപിഐ എമ്മിലെ ഉഷാകുമാരി 165 വോട്ടുകള്‍ക്ക് വിജയിച്ചു മുന്നേറി.

ഒമ്പതാം വാര്‍ഡില്‍ (കുഴിക്കാല) ശാലിനി അനില്‍ കുമാര്‍ 42 വോട്ടുകള്‍ക്ക് ജയം കണ്ടു. ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യുഡിഎഫിലെ ടി കെ എബ്രഹാമാണ് വിജയിച്ചത്. ഇവിടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയിട്ടുണ്ട്. 35 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡുകളില്‍ വിജയിച്ച പ്രതിനിധികളെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കുകയും ഹൈക്കോടതി ഇത് ശരിവെക്കുകയും ചെയ്തതോടെയായിരുന്നു വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായത്. 13 അംഗ പഞ്ചായത്തില്‍ നിലവില്‍ 10 പേര്‍ മാത്രമാണ് ഉള്ളത്. എല്‍ഡിഎഫിന്റെ ഭരണമാണ് ഇവിടെ നിലനില്‍ക്കുന്നത്.

എല്‍ഡിഎഫ് വാര്‍ഡായിരുന്ന ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴക്കവല ഡിവിഷനില്‍ യുഡിഎഫ് ആണ് വിജയിച്ചത്. യുഡിഎഫിലെ സണ്ണിചെറിയാന്‍ 119 വോട്ടിന് വിജയിച്ചു. മരിച്ച എല്‍ഡിഎഫ് അംഗത്തിന്റെ സഹോദരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

എറണാകുളം പള്ളിപ്പുറം സാമൂഹ്യ സേവാ സംഘം വാര്‍ഡില്‍ യുഡിഎഫിലെ ഷാരോണ്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ച വാര്‍ഡായിരുന്നു ഇത്.

പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡ് എല്‍ഡിഎഫ് തന്നെ നിലനിര്‍ത്തി. സിപിഐഎമ്മിലെ എം ആര്‍ ജയരാജ് 1403 വോട്ടിന് വിജയിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് ഡിവിഷനും എല്‍ഡിഎഫ് തന്നെ നിലനിര്‍ത്തി. സിപിഐ എമ്മിലെ ഷാജി പാറക്കല്‍ 263 വോട്ടിനാണ് വിജയിച്ചത്.

cpm

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ പോത്തുകല്ല് വാര്‍ഡില്‍ യുഡിഎഫിലെ സി എച്ച് സുലൈമാന്‍ ഹാജി വിജയിച്ചു. 167 വോട്ടിനായിരുന്നു വിജയിച്ചത്. സിപിഐ എം അംഗമായിരുന്ന സുലൈമാന്‍ ഹാജി രാജിവെച്ച് യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ് യുഡിഎഫ് ആണ് നിലനിര്‍ത്തിയത്. കെ വേലായുധന്‍ 119 വോട്ടിനാണ് ഇവിടെ വിജയിച്ചത്.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സിപിഐ എമ്മിലെ രമ കൊട്ടാരത്തില്‍ 274 വോട്ടിന് വിജയിച്ചു. കൊയിലാണ്ടി നഗരസഭ പന്തലായിനി വാര്‍ഡില്‍ സിപിഐ എമ്മിലെ വി കെ രേഖ 351 വോട്ടിന് വിജയിച്ചു കൊണ്ട് വാര്‍ഡ് നിലനിര്‍ത്തി.

കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് യുഡിഎഫും നിലനിര്‍ത്തി. ഇരിട്ടി നഗരസഭയിലെ ആട്ട്യാലത്ത് സിപിഐ എമ്മിലെ കെ അനിത ആര്‍എസ്പിയിലെ രത്‌നാമണിയെ 253 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

പാപ്പിനിശേരി പഞ്ചായത്തിലെ ധര്‍മകിണര്‍ വാര്‍ഡില്‍ സിപിഐ എമ്മിലെ എം സീമ 478 വോട്ടിന് കോണ്‍ഗ്രസിലെ കെ കുട്ടികൃഷ്ണനെ പരാജയപ്പെടുത്തിയപ്പോള്‍, ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപറമ്പ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ജെസി ജയിംസാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫ് സ്വതന്ത്രയായ മറിയാമ്മ ബെന്നിയേക്കാള്‍ 288 വോട്ടാണ് ഇവര്‍ക്ക് കൂടുതലായി നേടാനായത്.

Top