‘പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്ന്

തിരുവനന്തപുരം: ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുക എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി.

ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് ആളെക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. കോണ്‍ഗ്രസിന്റെ അപചയത്തില്‍ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോണ്‍ഗ്രസ്. രാജ്യം ഇത്തരത്തില്‍ ഒരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ട്ടി അനാഥാവസ്ഥയിലെത്താന്‍ പാടുണ്ടോ? വന്‍തോതില്‍ ജയിച്ചാല്‍ വിജയമേറ്റെടുക്കാന്‍ മാത്രമുള്ളതല്ല, കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം. അത് മറക്കരുതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Top