കുറച്ചു വോട്ടിനു വേണ്ടി ഏത് വര്‍ഗീയതയുമായും കോണ്‍ഗ്രസ്സ് സമരസപ്പെടും;പിണറായി

തൃശ്ശൂര്‍: കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാലു കാശിനും കുറച്ചു വോട്ടിനും വേണ്ടി ഏത് വര്‍ഗീയതയുമായും സമരസപ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാകും എന്നാണ് പിണറായി വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ഈ നയം മൂലം മുതിര്‍ന്ന നേതാക്കള്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോവുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പ്രബലമായി ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നു എന്ന് പറയുമ്പോള്‍ ഇടതുപക്ഷമാണ് പ്രധാന ശത്രുവെന്നാണ് അതു നല്‍കുന്ന സന്ദേശം. ഇടതുപക്ഷം കുത്തക മുതലാളിമാരുടെ ശത്രുവാണ്. ഇവരെല്ലാം ആഗ്രഹിക്കുന്നതുപോലെ വളഞ്ഞുകൊടുക്കാന്‍ സാധിക്കില്ലെന്നും, അങ്ങനെയുള്ള ഇടതുപക്ഷത്തിനെ നേരിടാന്‍ രാഹുല്‍ ഗാന്ധി വരുന്നത് ആരുടെ താത്പര്യത്തിലാണെന്ന് അവരു തന്നെ വ്യക്തമാക്കേണ്ടതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷമാണ് ആര് പ്രധാനമന്ത്രിയാകണമെന്ന കാര്യം തീരുമാനിക്കുന്നത്. മുമ്പും അങ്ങനെതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണ് സംഭവിക്കുക. ഇതില്‍ ഇടതുപക്ഷത്തിന് നിര്‍ണായകമായ പങ്കാണുള്ളതെന്നും പിണറായി വ്യക്തമാക്കി.

Top