പ്ലീനറി സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ദില്ലി: അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോൺഗ്രസ്. റായ്പൂരിലെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന നിലപാട് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. അതേസമയം കശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതിലും പുനസ്ഥാപിക്കുന്നതിലും പ്രമേയത്തിൽ പരാമ‍ർശമില്ല. ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് മറ്റൊരു പ്രമേയത്തിൽ പാർട്ടി വ്യക്തമാക്കുന്നു.

മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തുമെന്നും ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്നും മറ്റു പ്രമേയങ്ങളിൽ പാർട്ടി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുന്ന കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദ് ചെയ്യുമെന്നും കോൺ​ഗ്രസ് വാ​ഗ്ദാനം ചെയ്യുന്നു. പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനായി ഡേറ്റാ പ്രൊട്ടക്ഷൻ നിയമം കൊണ്ടുവരും. ന്യായ് പദ്ധതി നടപ്പാക്കുമെന്നും നഗരങ്ങളിൽ പ്രത്യേക തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരുമെന്നും പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച വിവിധ പ്രമേയങ്ങളിൽ കോൺഗ്രസ് അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് വിശാല പ്രതിപക്ഷ സഖ്യത്തിന് സന്നദ്ധത പ്രഖ്യാപിച്ചുള്ള പ്രമേയവും റായ്പൂർ സമ്മേളനത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചു. മൂന്നാം മുന്നണി സാധ്യത തള്ളിയ രാഷ്ട്രീയപ്രമേയം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സമാനമനസുള്ള ഏത് പാർട്ടിയുമായും കൈകോർക്കുമെന്നും വ്യക്തമാക്കുന്നു. പ്രവർത്തക സമിതിയുടെ അംഗസംഖ്യ 25-ൽ നിന്നും 35 ആക്കിയ ഭരണഘടന ഭേദഗതിക്കും റായ്പൂരിൽ നടക്കുന്ന പ്ലീനറി സമ്മേളനം അംഗീകാരം നൽകി.

Top