കോൺഗ്രസ്സ് പാർട്ടിയുടെ അടിവേരു തകർക്കാൻ കെജരിവാളും മമതയും !

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ എതിരികളും വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ആ പാര്‍ട്ടി ഇപ്പോള്‍ നിലനില്‍പ്പിനു വേണ്ടിയാണ് പൊരുതുന്നത്. പുതിയ ശത്രുക്കളും ഉയര്‍ന്നു കഴിഞ്ഞു. പ്രധാന ശത്രുവായ ബി.ജെ.പിക്കു പുറമെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ്സ് നേരിട്ടു കൊണ്ടിരിക്കുന്നത്. ബി.ജെ.പി തരിപ്പണമാക്കിയ പാര്‍ട്ടിയെ കൂടുതല്‍ പ്രഹരിക്കുന്നത് ഇപ്പോള്‍ ഈ പാര്‍ട്ടികളാണ്.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിലെ ഭരണം ഇത്തവണ ആം ആദ്മി പാര്‍ട്ടി പിടിക്കുമെന്നാണ് എല്ലാ സര്‍വേ റിപ്പോര്‍ട്ടുകളിലും പറയുന്നത്. ഗോവയില്‍ അധികാരം പിടിക്കാമെന്ന കോണ്‍ഗ്രസ്സ് സ്വപ്നത്തിനും ആം ആദ്മി പാര്‍ട്ടി വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വലിയ മുന്നേറ്റമാണ് ഈ സംസ്ഥാനത്തും കെജരിവാളിന്റെ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. യു.പിയില്‍ സമാജ് വാദി പാര്‍ട്ടി സഖ്യ സാധ്യത തേടുന്നതും ആം ആദ്മി പാര്‍ട്ടിയോടാണ്. സഖ്യത്തിനായി പ്രിയങ്ക ഗാന്ധി പരമാവധി ശ്രമിച്ചിട്ടും അഖിലേഷ് യാഥവ് ഇതുവരെ വഴങ്ങിയിട്ടില്ലന്നതും നാം ഓര്‍ക്കണം. ഗുജറാത്തിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും എല്ലാം ആം ആദ്മി പാര്‍ട്ടി തന്നെയാണ് കോണ്‍ഗ്രസ്സ് വോട്ടു ബാങ്കുകള്‍ ഭിന്നിപ്പിക്കുവാന്‍ പോകുന്നത്. അതിന്റെ സൂചനകള്‍ ഈ സംസ്ഥാനങ്ങളില്‍ പ്രകടവുമാണ്.

തൃണമൂല്‍ കോണ്‍ഗ്രസ്സും തങ്ങള്‍ക്ക് പറ്റാവുന്ന രീതിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ അടക്കം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ പിടിപ്പുകേടു കൊണ്ടു മാത്രമാണ്. ഇതോടെ മേഘാലയയിലെ പ്രധാന പ്രതിപക്ഷമായി തൃണമൂല്‍ കോണ്‍ഗ്രസാണ് നിലവില്‍ മാറിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ് അശോക് തന്‍വാര്‍ എന്നിവര്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിന് ഇനി അവിടെ അവശേഷിക്കുന്നത് വെറും 5 എംഎല്‍.എമാര്‍ മാത്രമാണ്.

അസം, ഗോവ, യുപി, ബീഹാര്‍, ഹരിയാന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് നേതാക്കളെ വലവീശിപ്പിടിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്. ‘കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന’ ബി.ജെ.പി മുദ്രാവാക്യമാണിപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഏറ്റെടുത്തിരിക്കുന്നത്. നെഹറു കുടുംബത്തിന്റെ പിടിയില്‍ നിന്നും കോണ്‍ഗ്രസ്സ് ഇനിയും മോചനം നേടിയില്ലെങ്കില്‍ ആ പാര്‍ട്ടി തന്നെ അധികം താമസിയാതെ ഓര്‍മ്മയായി മാറുമെന്നാണ് തൃണമൂലും ആം ആദ്മി പാര്‍ട്ടിയും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് ദേശീയ നേത്യത്വത്തിന്റെ അനാസ്ഥ മൂലം ഇതിനകം തന്നെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ്സ് വിട്ടിരിക്കുന്നത്.

കര്‍ണ്ണാടക, ഗോവ, മധ്യപ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം കൈവിട്ടു പോയതു തന്നെ ഖദര്‍ കാവിയണിഞ്ഞപ്പോയാണ്. ബീഹാറില്‍ പ്രതിപക്ഷ മഹാസഖ്യത്തിനു ഭരണം ലഭിക്കാതിരുന്നതിനു പിന്നിലും കോണ്‍ഗ്രസ്സിന്റെ കഴിവുകേടാണ് വ്യക്തമായിരുന്നത്. കോണ്‍ഗ്രസ്സിനു നീക്കിവച്ച സീറ്റുകളിലാണ് വന്‍ പരാജയം അവര്‍ക്കു നേരിടേണ്ടി വന്നിരുന്നത്. ഇടതുപക്ഷം പോലും മികച്ച പ്രകടനമാണ് കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ചിരുന്നത്. കോണ്‍ഗ്രസ്സില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.

 

ബംഗാളില്‍ അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സഖ്യമില്ലാതെ ഒറ്റക്കു മത്സരിച്ചപ്പോള്‍ വന്‍ വോട്ട് വര്‍ദ്ധനവാണ് സി.പി.എമ്മിനു ഉണ്ടായിരിക്കുന്നത്. ഇത് നല്‍കുന്ന സൂചനയും വ്യക്തമാണ്. യു.പിയില്‍ സമാജ് വാദി പാര്‍ട്ടി പോലും കോണ്‍ഗ്രസ്സിനെ അടുപ്പിക്കാത്തതും അവരില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടു തന്നെയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി.ജെ.പി എന്നതാണ് നിലവിലെ അവസ്ഥ.

പ്രിയങ്കയുടെയും രാഹുലിന്റെയും റോഡ് ഷോ കൊണ്ടൊന്നും കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നു വ്യക്തം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വലിയ ഒരു പരാജയം തന്നെയാണ്. ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിട്ടും സ്വന്തം എം.എല്‍.എമാരെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തത് വലിയ ഒരു വീഴ്ച തന്നെയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ കോണ്‍ഗ്രസ്സ് കൂടുതല്‍ ദുര്‍ബലമാകും. അത് ആ പാര്‍ട്ടിയെ വലിയ ഒരു പിളര്‍പ്പിലേക്കു തന്നെയാണ് കൊണ്ടു പോകുക. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

Top