ആഞ്ഞടിച്ച ചുവപ്പ് ‘സുനാമി’യിൽ മുങ്ങിപ്പോയത് കോൺഗ്രസ്സ് പാർട്ടി !

ഞ്ഞടിച്ച ചുവപ്പ് സുനാമിയിൽ ഒലിച്ചു പോയിരിക്കുകയാണിപ്പോൾ യു.ഡി.എഫ്. ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടിച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. നൂറ്റി നാൽപ്പതിൽ 100 ഓളം സീറ്റുകൾ തൂത്ത് വാരിയാണ് ഇടതുപക്ഷം ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. പലയിടത്തും സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. അര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി തന്നെ തകർപ്പൻ മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്.ഭരണ തുടർച്ചയിലൂടെ ഇടതുപക്ഷം ചരിത്രം തിരുത്തുമ്പോൾ പ്രതിപക്ഷത്ത് ഇനി ആര് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. വലിയ ഒരു പൊട്ടിത്തെറിയാണ് കോൺഗ്രസ്സിൽ സംഭവിക്കാൻ പോകുന്നത്. അതിന്റെ സൂചനകൾ ഇപ്പോൾ തന്നെ പ്രകടവുമാണ്.

വലിയ പരുക്കില്ലാതെ യു.ഡി.എഫിൽ പിടിച്ചു നിന്നിരിക്കുന്നതിപ്പോൾ മുസ്ലീംലീഗ് മാത്രമാണ്. അതും ഇനി എത്ര നാൾ എന്നതും കണ്ടറിയേണ്ടത് തന്നെയാണ്.ആർ.എസ്.പി, കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം തുടങ്ങിയ മറ്റു ഘടകകക്ഷികളുടെ അവസ്ഥയും അതിദയനീയമാണ്. എങ്ങോട്ടു പോകും എന്ന ചിന്ത ഈ പാർട്ടികളിലെ നേതാക്കളിലും പ്രകടമാണ്. ഇത്രയും വലിയ ഒരു തോൽവി ഇവരാരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. യു.ഡി.എഫിനുള്ളിൽ സർവ്വത്ര ആശങ്കയാണുള്ളത്. ഇനി ഒരു തിരിച്ചു വരവിനുള്ള സാധ്യത മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ പോലും പ്രതീക്ഷിക്കുന്നുമില്ല. ചുവപ്പ് അതിന്റെ സമ്പൂർണ്ണ ആധിപത്യം കേരളത്തിൽ സ്ഥാപിച്ചു കഴിഞ്ഞു എന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കോൺഗ്രസ്സിനെ പോലെ തന്നെ ഭരണം ഇല്ലാതെ അഞ്ചു വർഷം കൂടി പിടിച്ചു നിൽക്കുക എന്നത് ലീഗിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. മുങ്ങുന്ന കപ്പലിൽ നിന്നും പുറത്ത് ചാടണമെന്ന വികാരം ലീഗ് അണികളിലും ശക്തമാണ്. പക്ഷേ എങ്ങോട്ട് എന്ന ചോദ്യമാണ് അവരെയും കുഴക്കുന്നത്.

ഇടതുപക്ഷം ഒരിക്കലും ലീഗിനെ മുന്നണിയിലെടുക്കുകയില്ല. അതിന്റെ ആവശ്യം ഇടതുപക്ഷത്തിനില്ലതാനും. ലീഗിനെ പിളർത്തി അണികളിൽ ഒരു വിഭാഗത്തെ അടർത്തിമാറ്റാനാണ് സി.പി.എം ഇനി ശ്രമിക്കുക. മലപ്പുറത്ത് നിന്നു തന്നെ ഇതിനായുള്ള ചരടുവലികളും അധികം താമസിയാതെ തുടങ്ങും. പുതിയ സാഹചര്യത്തിൽ ഇത്തരമൊരു നീക്കത്തെ പ്രതിരോധിക്കുക ലീഗ് നേതൃത്വത്തിനും എളുപ്പമാകുകയില്ല. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ വല്യേട്ടനായി കുഞ്ഞാലിക്കുട്ടിയെ അംഗീകരിക്കാൻ കോൺഗ്രസ്സ് നേതൃത്വവും ഇനി നിർബന്ധിക്കപ്പെടും.ഇതുംവലിയ പ്രതിസന്ധിയാണ് കോൺഗ്രസ്സിൽ ഉണ്ടാക്കാൻ പോകുന്നത്. കോൺഗ്രസ്സ് നേതാക്കൾ മാത്രമല്ല അണികളും വലിയ നിരാശയിലാണ്. അവസാന നിമിഷം വരെ അവർക്ക് ആത്മാവിശ്വാസം നൽകി സർവേ ഫലത്തെ തള്ളിപ്പറഞ്ഞ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവിയും ഇരുളടഞ്ഞു കഴിഞ്ഞു.ഈ കനത്ത തോൽവിയുടെ മുഴുവൻ പാപഭാരവും രമേശ് ചെന്നിത്തലയുടെ മേലാണ് കെട്ടി വയ്ക്കപ്പെട്ടിരിക്കുന്നത്.

മികച്ച പ്രതിപക്ഷ നേതാവായി മാറാൻ ചെന്നിത്തലക്ക് കഴിഞ്ഞില്ലന്നതാണ് മുന്നണിക്കുള്ളിലെ പ്രധാന വിമർശനം. ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയും സർക്കാറിനെതിരായ ആരോപണങ്ങളും ഏശിയില്ലന്നതിന്റെ ഒന്നാംന്തരം തെളിവു കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ആരോപണങ്ങൾ ഇന്ധനമാക്കി ഇടതുപക്ഷത്തെയും സർക്കാറിനെയും ചെന്നിത്തല ആക്രമിച്ചപ്പോൾ ജനക്ഷേമ പദ്ധതികളും വികസന പദ്ധതികളും മുൻ നിർത്തിയാണ് ഇടതുപക്ഷം ഈ കടന്നാക്രമണത്തെ പ്രതിരോധിച്ചിരുന്നത്. ദുരിത കാലത്തെ സർക്കാറിന്റെ ഇടപെടലുകളും ജനങ്ങളെ ആഴത്തിലാണ് സ്വാധീനിച്ചിരുന്നത്. ഈ നിലപാടിനൊപ്പം തന്നെയാണ് ജനങ്ങളും അണിനിരന്നിരിക്കുന്നത്.ഈ കോവിഡ് കാലത്തും പിണറായി എന്ന കമ്യൂണിസ്റ്റിൽ ജനങ്ങൾ അതിജീവനത്തെ ദർശിച്ചപ്പോൾ ഒരു കോമഡി പീസായാണ് പ്രതിപക്ഷ നേതാവ് സ്വയം പരിഹാസനായിരുന്നത്. ഇനി ലീഗ് വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസ്സിന് പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുനൽകിയാൽ പോലും ചെന്നിത്തലക്ക് ആ പദവി നൽകാൻ കോൺഗ്രസ്സ് നേതാക്കൾ പോലും സമ്മതിക്കാൻ സാധ്യതയില്ല.

കോൺഗ്രസ്സ് നേതാക്കളുടെയും ഘടക കക്ഷികളുടെയും മനസ്സിൽ ഒരു വില്ലനായാണ് ചെന്നിത്തല മാറിയിരിക്കുന്നത്. ഉമ്മൻചാണ്ടിയിൽ നിന്നും പ്രതിപക്ഷ നേതൃസ്ഥാനം തട്ടിയെടുത്തതും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചെന്നിത്തലയെ ചിത്രീകരിച്ചതുമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കോൺഗ്രസ്സിനെയും മുന്നണിയെയും കൊണ്ടു ചെന്നെത്തിച്ചതെന്നാണ് മുന്നണിക്കുള്ളിലെ പ്രധാന വിമർശനം. ചെന്നിത്തല കഴിഞ്ഞാൽ അണികളുടെ അരിശം മുഴുവൻ കെ.സി വേണുഗോപാലിനോടാണ്. അഭിപ്രായ സർവേ നടത്തി സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടപെട്ടതിന് കെ.സി വേണുഗോപാലിനെയാണ് അവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനും എതിരെയും പ്രതിഷേധം ശക്തമാണ്.

ചെന്നിത്തലയ്ക്കൊപ്പം ഇവരുടെ സ്ഥാനങ്ങളും ഉടൻ തന്നെ തെറിക്കും. കെ.പി.സി.സി തന്നെ പിരിച്ചു വിടണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. കെ. മുരളീധരൻ കെ.സുധാകരൻ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ അടിയന്തര ചികിത്സ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. നേമത്ത് പ്രചരണത്തിന് എത്താതിരുന്ന കെ.പി.സി.സി അദ്ധ്യക്ഷന്റെ നിലപാടിലും മുരളീധരന് വലിയ അതൃപ്തിയാണുള്ളത്. കേരളത്തിലെ വമ്പൻ തിരിച്ചടി കോൺഗ്രസ്സ് ദേശീയ നേതൃത്വത്തെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഹൈക്കമാൻ്റിന്റെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച വിധി കൂടിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധി കടലിൽ ചാടിയിട്ടും പ്രിയങ്കക്കൊപ്പം റോഡ് ഷോ നടത്തിയിട്ടും ഒരു ചലനവും സൃഷ്ടിക്കാൻ കഴിയാതിരുന്നത് നെഹറു കുടുംബത്തിൻ്റെ താരപരിവേഷത്തിനും വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.

Top