‘ അത് എന്നെ ഉദ്ദേശിച്ചാണ് . . എന്നെ മാത്രം . . പടയൊരുക്കം ജാഥക്കെതിരെ പടയൊരുക്കം

തിരുവനന്തപുരം: കോൺഗ്രസ്സിനുള്ളിൽ കട്ട കലിപ്പിൽ ഉമ്മൻ ചാണ്ടിയും എ വിഭാഗവും.

പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയിൽ നിന്നും കളങ്കിതരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മാറ്റി നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വി.ഡി സതീശന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ സൂപ്പർ പ്രസിഡന്റ് ചമയണ്ടന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി വിഭാഗം ശക്തമായി രംഗത്ത് വന്നു കഴിഞ്ഞു.

ഉമ്മൻ ചാണ്ടിക്കൊപ്പം സരിത വിവാദത്തിൽപ്പെട്ട ഐ വിഭാഗത്തിലെ എം.എൽ.എമാർ ഉൾപ്പെടെയുള്ള നേതാക്കളും സതീശനെതിരെ കലിപ്പിലാണ്.

രമേശ് ചെന്നിത്തലയും സതീശനും കൂടി ചേർന്ന് അങ്ങ് ‘ഉണ്ടാക്കുകയാണെങ്കിൽ’ എന്നാൽ അത് കണ്ടിട്ട് തന്നെ കാര്യമെന്ന നിലപാടിലാണ് എ വിഭാഗത്തിലെ പ്രബല വിഭാഗം.

സംസ്ഥാനത്തെ കോൺഗ്രസ്സ് അണികളിൽ ബഹുഭൂരിപക്ഷവും എ വിഭാഗത്തിനൊപ്പമാണെന്നത് മറന്ന് ആര് പ്രവർത്തിച്ചാലും അവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണെന്നാണ് ഉമ്മൻ ചാണ്ടി അനുകൂലികൾ തുറന്നടിക്കുന്നത്.

സതീശൻ നിയമസഭ കണ്ടത് എങ്ങനെയാണെന്നത് മറക്കരുതെന്നും പ്രതിഷേധക്കാർ ഓർമ്മിപ്പിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവിന്റെ പടയൊരുക്കം ജാഥ തുടങ്ങുവാൻ മണികൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിക്കുള്ളിലും പടയൊരുക്കം തുടങ്ങിയിരിക്കുന്നത്.

ഭരണപക്ഷത്തിന്റെ യാത്ര വിവാദമാക്കിയ പശ്ചാത്തലത്തിലാണ് ‘നല്ല പിള്ള’ ചമയാനും സംശുദ്ധരാണെന്ന് തെളിയിക്കാനും വി.ഡി.സതീശൻ രംഗത്തെത്തിയത്.

ഇത് രമേശ് ചെന്നിത്തലയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്.

സതീശൻ പറഞ്ഞത് പ്രകാരം ജാഥയിൽ നിന്നും ആരെയെങ്കിലും മാറ്റി നിർത്തുകയാണെങ്കിൽ ആദ്യം മാറ്റി നിർത്തപ്പെടേണ്ടി വരിക മാനഭംഗ കുറ്റമടക്കം ആരോപിക്കപ്പെട്ട ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ആയിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ജാഥ തുടങ്ങുന്നതിനു മുൻപ് തന്നെ സി.പി.എമ്മിനും ബി.ജെ.പിക്കും മറ്റു എതിരാളികൾക്കുമെല്ലാം അടിക്കാനുള്ള ‘വടി’ നൽകുന്ന നടപടിയായി പോയി ഇതെന്നാണ് പ്രധാന വിമർശനം.

ഇപ്പോഴത്തെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ പ്രതിസന്ധി മുതലെടുത്ത് ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി രമേശ് ചെന്നിത്തലയെ അവരോധിക്കാൻ ഐ ഗ്രൂപ്പ് ‘പടയൊരുക്കം’ ജാഥയെ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്നാണ് എ വിഭാഗം സംശയിക്കുന്നത്.

പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിലും പടയൊരുക്കം തുടങ്ങിയതിനാൽ ഇനി സ്വീകരണ കേന്ദ്രങ്ങൾ അടിപിടിയിൽ കലാശിക്കുമോ എന്ന ആശങ്കയും ഉയർന്നു കഴിഞ്ഞു.

Top