ഗ്രൂപ്പ് വീതം വയ്ക്കല്‍ ഇത്തവണ കോണ്‍ഗ്രസില്‍ ഉണ്ടാകില്ല; പി സി ചാക്കോ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്തവണ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി സി ചാക്കോ. ഗ്രൂപ്പ് കളിയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയ കാരണം എന്നും കെപിസിസി പ്രസിഡന്റ് മാറ്റം ഉണ്ടാകില്ലെന്നും പി സി ചാക്കോ തുറന്നടിച്ചു.

‘കേരളത്തില്‍ ഇക്കുറി കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എഐസിസി നേതൃത്വത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. മുല്ലപ്പള്ളിയും വി എം സുധീരനെ പോലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ഞെരുങ്ങുകയാണ്. ഗ്രൂപ്പ് കളി നിര്‍ത്താന്‍ മുതിര്‍ന്ന രണ്ടു നേതാക്കളും തയാറാകണം. കെപിസിസി പ്രസിഡന്റ് മാറ്റം ഉടന്‍ ഉണ്ടാകില്ല.’ അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നും ജമായത്ത് ബന്ധം പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ഉടന്‍ പി സി ചാക്കോ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് സംഘടന ദുര്‍ബലമാണ്, അത് പരിഹരിക്കാന്‍ കഴിയണമെന്നും പി സി ചാക്കോ ചൂണ്ടിക്കാട്ടി.

Top