Congress overcame group conflicts,says Opposition leader Ramesh Chennithala

ramesh-Chennithala

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിനെ കൂടുതല്‍ സജീവമാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോവുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തര്‍ക്കങ്ങളുടേയും ഗ്രൂപ്പ് വഴക്കുകളുടേയും കാലം കഴിഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പോലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഇല്ലായിരുന്നു. ക്രിയാത്മക പ്രതിപക്ഷമായി യു.ഡി.എഫും കോണ്‍ഗ്രസും പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആവാനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് തന്നെ ഐക്യത്തിന്റെ സൂചനയാണ്. അദ്ദേഹത്തിന് പ്രതിപക്ഷ നേതാവ് ആകണമായിരുന്നെങ്കില്‍ ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെടുമായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ നടപടി കോണ്‍ഗ്രസില്‍ അസാധാരണമാണ്. എല്ലാവര്‍ക്കും അവസരം വേണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഉമ്മന്‍ചാണ്ടി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ നിലപാടിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. 2011ല്‍ വേണമെങ്കില്‍ തനിക്ക് മുഖ്യമന്ത്രി ആവാമായിരുന്നു. അന്ന് താന്‍ മാറി നിന്നത് തന്റെ മഹത്വം കൊണ്ടാണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആവട്ടെ എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്പ് തന്നെ പ്രതിപക്ഷ നേതാവ് ആയി തിരഞ്ഞെടുത്തു എന്ന വാര്‍ത്ത തെറ്റാണ്. എം.എല്‍.എമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. അന്തിമ തീരുമാനം വരേണ്ടത് ഹൈക്കമാന്‍ഡില്‍ നിന്നാണ്. യോഗത്തിന് മുന്പ് തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു എന്ന തരത്തിലുള്ള പ്രചരണം നടത്തിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണ്. ആതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top