പ്രോടേം സ്പീക്കറായി ബൊപ്പയ്യയെ നിയമിച്ചത് വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് കെ.ജി. ബൊപ്പയ്യയെ പ്രോട്ടെം സ്പീക്കറായി നിയമിച്ചത് കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ്. പ്രോട്ടെം സ്പീക്കറായി നിയമിച്ചതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇങ്ങനെ ആരോപിച്ചത്.

ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കണമെന്നതാണ് കീഴ്‌വഴക്കം. കര്‍ണാടക ഗവര്‍ണര്‍ ഇത് മറികടന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍, ഏറ്റവും മുതിര്‍ന്ന അംഗമല്ലാത്തയാള്‍ മുമ്പും പ്രോട്ടെം സ്പീക്കറായിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രായമല്ല, സഭയിലെ കാലയളവാണ് കണക്കിലെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ബൊപ്പയ്യയുടെ സാന്നിദ്ധ്യത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് അദ്ദേഹം നേതൃത്വം വഹിക്കരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്‍വലിക്കുകയായിരുന്നു.

Top