രാഷ്ട്രീയ ചാണക്യന്‍; രാഹുലിന്റെ പ്രയങ്കരനായ ഉമ്മന്‍ചാണ്ടി പാര്‍ട്ടിയില്‍ കരുത്തനാകുന്നു. .

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ബ്രിഗേഡില്‍ കരുത്തനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ് തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം സ്വീകരിക്കാതെ മാറിനിന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനാവുകയാണ്.

രാഹുല്‍ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ മുഖ്യസംഘാടകനായി ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി നേതൃത്വം ദുബായിലേക്കയച്ചത് ഇതിന്റെ പ്രതിഫലനമാണ്. ജനുവരി 10, 11 തീയ്യതികളിലാണ് രാഹുല്‍ യു.എ.ഇ സന്ദര്‍ശനം നടത്തുന്നത്. ദുബായി രാജ്യാന്തര സ്റ്റേഡിയത്തിലെ റാലിയിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായതോടെ മുതിര്‍ന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ പ്രമുഖന്‍ മുന്‍ കേരള മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ്. തെലുങ്കാന സംസ്ഥാന രൂപീകണത്തോടെ തകര്‍ന്നടിഞ്ഞ ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ചുമതല ഉമ്മന്‍ചാണ്ടിയ്ക്കാണ് നല്‍കിയത്. തെലുങ്കാനയില്‍ ഇടതുകക്ഷികളെ ചേര്‍ത്ത് മുന്നണിയുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയമുണ്ടായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന സൂചനകളാണ് ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത്.

ദക്ഷിണേന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബുനായിഡുവിനെ സഖ്യകക്ഷിയായി ലഭിച്ചതും ഉമ്മന്‍ചാണ്ടിയുടെ പ്രായോഗിക രാഷ്ട്രീയ നീക്കങ്ങളുടെ ഫലമായിട്ടായിരുന്നു. പ്രതിസന്ധികള്‍ പലതുണ്ടായിട്ടും കേവലം നാല് എം.എല്‍.എമാരുടെ ഭൂരിപക്ഷമുള്ള യു.ഡി.എഫ് സര്‍ക്കാരിനെ അഞ്ചു വര്‍ഷം നയിച്ച മുഖ്യമന്ത്രി എന്ന നിലയില്‍, മുന്നണി രാഷ്ട്രീയം പയറ്റിതെളിഞ്ഞ തന്ത്രജ്ഞനാണ് ഉമ്മന്‍ചാണ്ടി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലുള്ള ഈ മിടുക്കാണ് രാഹുല്‍ഗാന്ധിയെ അദ്ദേഹവുമായി അടുപ്പിച്ചത്.

oomman chandy

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും അവ വിജയിപ്പിക്കുന്നതിലും അസാധാരണ മികവാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. തെലുങ്കാനയില്‍ കര്‍ഷക പ്രശ്നങ്ങളടക്കം കോണ്‍ഗ്രസ് ഏറ്റെടുത്തെങ്കിലും സംഘടനാപരമായ പിഴവ് തെരഞ്ഞെടുപ്പില്‍ അടിതെറ്റിച്ചു. മുന്‍ നക്സല്‍ നേതാവും കവിയുമായ ഗദ്ദാറിന്റെ മകന്‍ സൂര്യകിരണിനെ തെലുങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നിലും ഉമ്മന്‍ചാണ്ടിയുടെ ബുദ്ധിയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയിലും തെലുങ്കാനയിലും കോണ്‍ഗ്രസിന് മികച്ച സഖ്യകക്ഷികളെ കണ്ടെത്തിയതും ചന്ദ്രബാബുനായിഡുവുമായി സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം പൊളിച്ചതുമാണ് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വിജയം. ഈ തന്ത്രജ്ഞതയാണ് മുന്നണി രാഷ്ട്രീയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന രാഹുല്‍ഗാന്ധിക്ക് ഉമ്മന്‍ചാണ്ടിയെ പ്രിയങ്കരനാക്കുന്നത്.

വിഴിഞ്ഞം കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ക്ലീന്‍ചീട്ടു നല്‍കിയ ഉമ്മന്‍ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലും കരുത്തുനിലനിര്‍ത്തുകയാണ്. സോളാര്‍കേസില്‍ മങ്ങിയ പ്രഭാവം വിഴിഞ്ഞം കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ ഉയര്‍ത്താനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു. ഹൈക്കമാന്റുമായി അടുത്തബന്ധം സൂക്ഷിക്കാത്തതായിരുന്നു ഇതുവരെ ഉമ്മന്‍ചാണ്ടിയുടെ പ്രധാന പോരായ്മ.

antony

എ.കെ ആന്റണിയുടെ വലം കൈയ്യായി എ ഗ്രൂപ്പ് രാഷ്ട്രീയം പറ്റുമ്പോഴും രണ്ടു തവണ കേരള മുഖ്യമന്ത്രിയായപ്പോഴും ഉമ്മന്‍ചാണ്ടി കേരളമാണ് തട്ടകമായി കണ്ടത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായിരിക്കുമ്പോഴും ഹൈക്കമാന്റില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഇപ്പോള്‍ രാഹുല്‍ ബ്രിഗേഡിലെ കരുത്തനായി, ഹൈക്കമാന്റിന്റെയും വിശ്വസ്ഥനായിരിക്കുകയാണ് അദ്ദേഹം.

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷനേതൃസ്ഥാനത്തിന് ഹൈക്കമാന്റിന് മറുവാക്കുണ്ടാവില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനെ നയിക്കാനുള്ള നിയോഗവും ഉമ്മന്‍ചാണ്ടിയിലേക്കെത്തും.

Political reporter

Top