നൗഷാദിന്റെ കൊലപാതകം ; എസ്.ഡി.പി.ഐയും പൊലീസും കേസില്‍ ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസ്

തൃശ്ശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതക കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ നേതൃത്വം. എസ്.ഡി.പി.ഐ നേതൃത്വവും പൊലീസും കേസില്‍ ഒത്തുകളിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ എം.പി ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഈ മാസം 27ന് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

കൊലപാതകം നടന്ന് 22 ദിവസം പിന്നിട്ടു. രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയിട്ടുള്ളത്. എസ്.ഡി.പി.ഐ നേതാക്കളും പൊലീസും തമ്മിലുള്ള ധാരണ മൂലമാണ് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത മാസം രണ്ടിന് നൗഷാദ് കുടുംബ സഹായനിധി ശേഖരിക്കാന്‍ ഡി.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫ് എം.പിമാരും സംസ്ഥാന നേതാക്കളും ഫണ്ട് ശേഖരണത്തില്‍ പങ്കാളികളാവുമെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

ഇതിനിടെ നൗഷാദ് കൊലപാതക കേസില്‍ എസ്.ഡി.പി.ഐയും കോണ്‍ഗ്രസ് നേതൃത്വവും ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ വോട്ടിനുള്ള പ്രത്യുപകാരമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ നാഗേഷ് ആരോപിച്ചു.

നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി കുടുംബവും രംഗത്ത് വന്നിരുന്നു. അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും എസ്ഡിപിഐ നേതാക്കളുമായി അന്വേഷണസംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

എസ്ഡിപിഐ നേതാക്കളുമായി ഒത്തുചേര്‍ന്ന് പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ് . നിലവിലെ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏല്‍പിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Top