‘വാളല്ല എന്‍ സമരായുധം’ സാംസ്‌കാരിക രംഗത്ത് കോണ്‍ഗ്രസ്സിന് പുതിയ പോര്‍മുഖം

streetdrama

തിരുവനന്തപുരം: കലയും സാഹിത്യവും കോണ്‍ഗ്രസ്സുകാര്‍ക്ക് പറഞ്ഞ പണിയല്ലെന്ന പതിവ് പല്ലവി തിരുത്തിക്കുറിച്ച് സംസ്‌ക്കാര സാഹിതിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ തെരുവുനാടകം ‘വാളല്ല എന്‍ സമരായുധം’ ഇടതുകേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച കലാജാഥയും തെരുവുനാടകവുമാണ് സാംസ്‌കാരിക രംഗത്ത് കോണ്‍ഗ്രസ്സിന് പുതിയ പോര്‍മുഖം സമ്മാനിക്കുന്നത്.

ആറുമാസം മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ഫാസിസത്തിനെതിരെ കലാജാഥയില്‍ ‘മുന്നൊരുക്കം’ തെരുവുനാടകവുമായി ഷൗക്കത്തും സംഘവും പര്യടനം നടത്തിയിരുന്നു.

ഒരു കാലത്ത് സി.പി.എമ്മിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കുത്തകയായിരുന്നു തെരുവുനാടകങ്ങള്‍. ആശയപ്രചാരണത്തിനും രാഷ്ട്രീയ സംവാദത്തിനും തെരുവുനാടകങ്ങളുമായി, സി.പി.എം വര്‍ഗബഹുജന സംഘടനകളാണ് തെരുവിലിറങ്ങിയിരുന്നത്. അന്നൊക്കെ കാഴ്ചക്കാരുടെ റോളിലായിരുന്നു കോണ്‍ഗ്രസ്സ്.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്നു സിനിമകളിലൂടെ മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന, ദേശീയ അവാര്‍ഡ് നേടിയ ആര്യാടന്‍ ഷൗക്കത്ത് സംസ്‌ക്കാര സാഹിതിയുടെ തലപ്പത്തെത്തിയതോടെയാണ് സാംസ്‌കാരിക രംഗത്ത് കോണ്‍ഗ്രസ്സ് പുതിയ പോര്‍മുഖം തുറക്കുന്നത്. ആറു മാസത്തിനിടെ രണ്ടു കലാജാഥയില്‍ രണ്ടു തെരുവുനാടകങ്ങളുമായാണ് സംസ്ഥാന പര്യടനം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

രാഷ്ട്രീയ പ്രതിയോഗികളെ കൊന്നുതള്ളുന്ന അരുംകൊല രാഷ്ട്രീയത്തിനെതിരെ അമ്മമനസിന്റെ തേങ്ങലുകള്‍ പങ്കുവെച്ച് ജനഹൃദയങ്ങള്‍ കവര്‍ന്നാണ് ‘വാളല്ല എന്‍ സമരായുധം’ കലാജാഥ തിരുവനന്തപുരത്ത് സമാപിച്ചത്.

സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി.പി മുഹമ്മദ് ഏപ്രില്‍ ആറിന് കണ്ണൂരിലെ ചെര്‍ക്കളയില്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലായി 40 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. ആയിരങ്ങളുമായി നേരിട്ടു സംവദിച്ച കലാജാഥയിലെ തെരുവുനാടകത്തില്‍ ഷുഹൈബും ടി.പി ചന്ദ്രശേഖരനുമെല്ലാം കടന്നുവരുന്നുണ്ട്.

ഗോരക്ഷയുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെയും നാടകം പ്രതികരിക്കുന്നു. വര്‍ഗീയ ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒടുവില്‍ ഒരേ തൂവല്‍പക്ഷികളാകുന്ന അപകടവും തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും ആക്ഷേപഹാസ്യവുമായി ഓട്ടന്‍തുള്ളലും 30 മിനുറ്റ് ദൈര്‍ഘ്യമുള്ള നാടകത്തിലുണ്ട്.

ശിവദാസ് കോങ്ങാട്, പ്രേമ വണ്ടൂര്‍, ജയരാജ് പേരാമ്പ്ര, ഷിനോജ് കടിയങ്ങാട്, ശിവാനി പാലക്കാട്, ഒ.എന്‍.ഡി ബാബു, പ്രതീഷ് കോട്ടപ്പള്ളി എന്നിവരാണ് അഭിനേതാക്കള്‍. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ മുന്നൊരുക്കവുമായി തലേദിവസം അതേ സ്വീകരണ കേന്ദ്രങ്ങളില്‍ കലാജാഥ പര്യടനം നടത്തിയത്.

Top