കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ നയം, ജനങ്ങള്‍ വലയുന്നു; പിണറായി വിജയന്‍

pinarayi vijayan

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം ഒന്നാണെന്നും ബദല്‍ നയത്തോടെയുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജനങ്ങളെയും ദുരിതത്തിലാക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. മന്‍മോഹന്‍ സര്‍ക്കാരും ജനങ്ങളെ ദ്രോഹിച്ചു. വര്‍ഗ്ഗീയതയുമായി സമരസപ്പെട്ടു പോകാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളതെന്നും പിണറായി വിജയന്‍ ആറ്റിങ്ങലില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ തുറന്നടിച്ചു.

ബിജെപിയിലേക്ക് പോകില്ലെന്ന് പറഞ്ഞ് വോട്ടു പിടിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ഒരു പാര്‍ട്ടി അപ്പാടെ ബിജെപിയാകുന്ന കാഴ്ച്ചയാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാകുന്ന അക്രമങ്ങള്‍ കേരളത്തിലും ഉണ്ടാകണമെന്നാണ് ആര്‍എസ്എസും മോദിയും ആഗ്രഹിക്കുന്നത്. മംഗലാപുരത്ത് മോദി നടത്തിയത് കേരളത്തിനെതിരായ പ്രസംഗമാണ്. എന്നാല്‍, കേരളത്തില്‍ തെറ്റു ചെയ്താല്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും പിണറായി വ്യക്തമാക്കി.

ശബരിമലയെ സംഘര്‍ഷ ഭൂമി ആക്കി മാറ്റാനായിരുന്നു ആര്‍എസ്എസ് സംഘപരിവാര്‍ ലക്ഷ്യം. ശബരിമല സുപ്രീംകോടതി വിധി വന്നപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്ര സേനയെ വേണമെങ്കില്‍ അയച്ചു തരാമെന്നും പറഞ്ഞവര്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ എന്നും പിണറായി വിജയന്‍ ആരോപിച്ചു.

Top