കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എന്‍ഡിഎയ്ക്ക് വേണ്ടി പ്രചരണ രംഗത്ത്

ചെന്നൈ: കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അപ്‌സര റെഡ്ഢി എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും. തമിഴ്‌നാട്ടിലാണ് അപ്‌സര എന്‍ഡിഎ പ്രചരണത്തിനിറങ്ങുക. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായിരുന്നു അപ്‌സര റെഡ്ഢി. അണ്ണാ ഡിഎംകെയുടെ ഭാഗമായാണ് അപ്‌സര എന്‍ഡിഎയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുന്നത്.

ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അപ്‌സര വെളിപ്പെടുത്തി. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം അടഞ്ഞ അധ്യായമാണെന്നും അപ്‌സര പറഞ്ഞു. കോണ്‍ഗ്രസിന്റെ തമിഴ്‌നാട് നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണന നല്‍കാത്തതിലും അപ്‌സരയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി വിട്ടെത്തിയ അപ്‌സരയ്ക്ക് ചെന്നൈ തന്നെ സീറ്റ് നല്‍കാനുള്ള ആലോചനയിലാണ് അണ്ണാ ഡിഎംകെ.

2020 ജനുവരിയില്‍ രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്താണ് അപ്‌സര റെഡ്ഡിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ചരിത്രത്തില്‍ ആദ്യമായായിരുന്നു ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായത്. എഐഎഡിഎംകെയില്‍ നിന്നായിരുന്നു അപ്‌സര കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വി കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര അന്ന് പാര്‍ട്ടി വിട്ടിരുന്നത്.

Top