‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് കടക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് കടക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയില്‍നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കില്ലെന്നും ഇത്തവണ അധികാരത്തില്‍നിന്ന് അവര്‍ പുറത്താക്കപ്പെടുമെന്നും ഖാര്‍ഗെ അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 ഉം എന്‍ഡിഎ 400 ഉം സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം പറയുന്നതിനിടെയാണ് ഖാര്‍ഗെയുടെ പരാമര്‍ശം.

പദ്ധതികളെല്ലാം കോണ്‍ഗ്രസ് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ഇവിടെയെത്തുമ്പോള്‍ പ്രധാനമന്ത്രി പറയുക. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ എന്തുചെയ്യുകയാണെന്നാണ് എനിയ്ക്ക് അവരോട് ചോദിക്കാനുള്ളത്. ജനങ്ങള്‍ ഇതിനെല്ലാം തക്കതായ മറുപടി നല്‍കും. രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും കഠിനാധ്വാനം ചെയ്ത മണ്ണാണിതെന്നും അമേഠിയിലെ ജനങ്ങള്‍ക്ക് ഗാന്ധികുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top