ബി.ജെ.പി ശ്രമിക്കുന്നത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം തകര്‍ക്കാനും വെട്ടിക്കുറക്കാനും; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ബി.ജെ.പി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം തകര്‍ക്കാനും വെട്ടിക്കുറക്കാനും ഉള്ള ശ്രമങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ഭരണഘടനക്കും അതിന്റെ ധാര്‍മികതക്കും മൂല്യങ്ങള്‍ക്കുമെതിരായ ആക്രമണത്തെ എല്ലാ പൗരന്മാരും ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഭരണഘടനയുടെ ആത്മാവ് നിരവധി വെല്ലുവിളികളെ നേരിടുന്നു. വിയോജിപ്പുകളെ കീഴ്‌പ്പെടുത്തുകയും ക്രിമിനല്‍വല്‍ക്കരിക്കുകയും ചെയ്യുകയാണെന്നും ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനക്കെതിരായി സര്‍ക്കാര്‍ സംവിധാനത്തിന്റെ വ്യാപകമായ ദുരുപയോഗത്തിലുടെ ആസൂത്രിതമായ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ രാഷ്ട്രമെന്ന നിലയില്‍, സാമൂഹ്യനീതിയും സൗഹാര്‍ദവും അപകടനിലയില്‍ എത്തുകയും ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ ക്രമേണ പിടിച്ചെടുക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് ഇന്ത്യ ഉടന്‍ എത്തിച്ചേരുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Top