സുധീരന്റെ ‘കടന്നാക്രമണത്തിൽ’ പകച്ച് കോൺഗ്രസ്സ് ദേശീയ നേതൃത്വം, രാഷ്ട്രീയ നേട്ടം കൊയ്യാൻ ഇടതുപക്ഷവും രംഗത്ത്

കോണ്‍ഗ്രസ് നേതൃത്വത്തെ അസാധാരണമായ ഒരു പ്രതിസന്ധിയിലേക്കാണ് വി.എം സുധീരന്‍ ഇപ്പോള്‍ തള്ളിവിട്ടിരിക്കുന്നത്. ചോദിച്ചു വാങ്ങിയ പ്രതിസന്ധി എന്നു തന്നെ ഇതിനെ പറയേണ്ടി വരും. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും കേരള ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമാണ് ഇത്തരമൊരു അവസ്ഥ കോണ്‍ഗ്രസ്സിന് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. പാര്‍ട്ടി വേദിയില്‍ വിമര്‍ശനം ഉന്നയിച്ച വി.എന്‍ സുധീരനെ പരസ്യമായി അപമാനിക്കുന്ന നീക്കമാണ് ഈ രണ്ട് നേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നിയമസഭാ സ്പീക്കറായും എം.പിയായും കെ.പി.സി.സി അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാവായ സുധീരന് അത്തരം ഒരു പരിഗണനയും കൊടുക്കാതെയാണ് സുധാകരനും ദീപാദാസ് മുന്‍ഷിയും പെരുമാറിയിരിക്കുന്നത്. ഇതു തന്നെയാണ് സുധീരനെയും ചൊടിപ്പിച്ചിരിക്കുന്നത്.

നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഒരു നടപടി സ്വീകരിക്കാനുള്ള ആരോഗ്യമൊന്നും തല്‍ക്കാലം കോണ്‍ഗ്രസ്സിനില്ല. ഉമ്മന്‍ചാണ്ടിയില്ലാത്ത കോണ്‍ഗ്രസ്സില്‍ ജനങ്ങള്‍ക്കിടയില്‍ പൊതു സ്വീകാര്യനായ സുധീരനെ പുറത്താക്കിയാല്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ കഥയാണ് അതോടെ കഴിയുക. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ സുധീരന് മികച്ച പ്രതിച്ഛായയാണ് കേരളത്തിലുള്ളത്. ഇക്കാര്യം സമനില തെറ്റിയവനെ പോലെ പെരുമാറുന്ന സുധാകരന് അറിയില്ലേ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ചോദിക്കുന്നത്. സുധാകരന്റെ നടപടിക്കെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാം അടക്കം നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

കെപിസിസി യോഗത്തില്‍ സുധീരന്‍ പറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും ഇത് ആ നിലയില്‍ കാണുന്നതിനു പകരം പരസ്യമായി അധിക്ഷേപിച്ചത് ശരിയായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ്സ് – മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കുമുള്ളത്. ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ നിലപാട് തന്നെയാണ് ഉള്ളത്. പ്രത്യേകിച്ച് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന സുധീരന്റെ നിലപാടു തന്നെയാണ് ലീഗ് നേതൃത്വത്തിനുമുള്ളത്. സെന്‍സിറ്റീവ് വിഷയമായതിനില്‍ അവര്‍ തല്‍ക്കാലം അത് തുറന്നു പറയുന്നില്ലന്നു മാത്രം. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ ആര് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്താലും അത് ലീഗ് രാഷ്ട്രീയത്തിലും വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിക്കുക. അവസരം നോക്കിയുള്ള സമര്‍ത്ഥമായ രാഷ്ട്രീയ കരുനീക്കമാണിപ്പോള്‍ സുധീരന്‍ നടത്തിയിരിക്കുന്നത്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാടിനെതിരെ ആഞ്ഞടിച്ചാണ് സുധീരന്‍ രംഗത്തു വന്നിരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുധാകരന്‍ താന്‍ പാര്‍ട്ടി വിട്ടെന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതാണ് സുധീരനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മറ്റേതൊരു കാര്യത്തെയും പോലെ സുധാകരന് ഇതും തിരുത്തേണ്ടി വരുമെന്നുമാണ് സുധീരന്‍ പറയുന്നത്. വി ഡി സതീശനും കെ സുധാകരനും ചുമതലയേറ്റെടുത്തപ്പോള്‍ സ്വാഗതം ചെയ്തയാളാണ് താനെന്നും അന്നത്തെ വാര്‍ത്താക്കുറിപ്പും ഫേസ്ബുക്ക് പോസ്റ്റും നോക്കിയാല്‍ അക്കാര്യം മനസ്സിലാക്കാം എന്നും , അദ്ദേഹം പറയുകയുണ്ടായി.

സുധാകരന്റെയും സതീശന്റെയും തൃത്വത്തില്‍ പുതിയ സംവിധാനം വരുമ്പോള്‍ അന്നേവരെ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന ഗ്രൂപ്പധിഷ്ഠിതമായ സംഘടനാശൈലിക്ക് സമൂലമായ മാറ്റം വരുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷയാണ് തകര്‍ന്നിരിക്കുന്നതെന്നുമാണ് സുധീരന്‍ കുറ്റപ്പെടുത്തുന്നത്.

ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരങ്ങളും ജയസാധ്യതയോ ജനസ്വീകാര്യതയോ നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തന്നെ ദുഃഖിതനാക്കിയെങ്കിലും സുധാകരനിലൂടെയും സതീശനിലൂടെയും മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് സുധീരന്‍ പറയുന്നത്. സുധാകരനെ മാത്രമല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണമാണിത്.

ഏകപക്ഷീയമായാണ് ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചത് എന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്റെ വിയോജനക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്ന കാര്യവും സുധീരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പണ്ട് രണ്ട് ഗ്രൂപ്പിന്റെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടതെങ്കില്‍ ഇപ്പോള്‍ അതിലും കൂടുതല്‍ ഗ്രൂപ്പുകളുണ്ട്. ഈ പ്രവണതയ്ക്ക് എതിരെ താന്‍ ഹൈക്കമാന്റിന് കത്തയച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ലന്നും അങ്ങനെയാണ് രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും രാജിവെച്ചതെന്നുമാണ് സുധീരന്‍ പറയുന്നത്.

കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ നിരുത്തരവാദപരമായ ഈ സമീപനത്തോടുള്ള പ്രതിഷേധം കൂടിയാണ് അയോദ്ധ്യ വിഷയത്തില്‍ സുധീരന്‍ ഇപ്പോള്‍ തീര്‍ത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് ബിജെപിക്ക് ഇപ്പോള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ വഴിയൊരുക്കിയത് എന്ന അതീവ ഗുരുതര ആരോപണവും കെ.പി.സി.സി യോഗത്തില്‍ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് എന്നിവരുടെ കാലത്താരംഭിച്ച ഈ സാമ്പത്തിക നയങ്ങളാണ് ബിജെപിയും ഇപ്പോള്‍ പിന്തുടരുന്നതെന്ന വിമര്‍ശനമാണ് സുധീരനുള്ളത്.

ബിജെപിയുടെത് തീവ്രഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വമാണെന്നും എന്നാല്‍ അതുകൊണ്ട് ബിജെപിയുടെ തീവ്ര വര്‍ഗീയതയെ നേരിടാനാവില്ലന്നും സുധീരന്‍ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ വര്‍ഗീയതയെ നേരിടുന്നതിലുള്ള കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടവും പതര്‍ച്ചയുമാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ചതില്‍ കാണുന്നതെന്നത് ഇടതുപക്ഷം ശക്തമായി ഉന്നയിക്കുന്ന ആരോപണമാണ്. ലീഗിനും സമാന നിലപാടാണ് ഉള്ളത്. അതു തന്നെയാണ് സുധീരനും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടുണ്ടായിരുന്നുവെങ്കില്‍ ആ ക്ഷണം കയ്യോടെ നിരാകരിക്കേണ്ടതായിരുന്നു എന്ന സുധീരന്റെ അഭിപ്രായം കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്ന മതന്യൂനപക്ഷങ്ങളിലും ശക്തമാണ്. ക്ഷണം സ്വീകരിക്കണോ എന്ന കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു എന്ന സുധീരന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടിനെയാണ് അവരും പിന്തുണയ്ക്കുന്നത്.

ഇടതു പാര്‍ട്ടികളെ സംബന്ധിച്ച് കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങളെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ്സിലെ അവശേഷിക്കുന്ന ജനകീയ നേതാവ് കൂടി പുറത്തായാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ മാത്രമല്ല യു.ഡി.എഫ് എന്ന സംവിധാനത്തിനു തന്നെ വലിയ പ്രഹരമാകുമെന്നാണ് ഇടതു നേതാക്കള്‍ കരുതുന്നത്. സുധീരന്റെ നിലപാടിനെ പിന്തുണച്ചും കോണ്‍ഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കിയും മന്ത്രിമാര്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

സുധീരന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ഇടതുപക്ഷം എത്രയോ കാലമായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതാണെന്നാണ് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചിരിക്കുന്നത്. ഗുരുതരമായ വിമര്‍ശനങ്ങളാണ് ശ്രീ. സുധീരന്‍ ഉയര്‍ത്തിയിട്ടുള്ളതെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിത്തറയെത്തന്നെ ഇളക്കുന്ന സുധീരന്റെ ചോദ്യങ്ങള്‍ക്ക് എന്താണ് മറുപടിയെന്നാണ് കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷനേതാവിനോടും എം.ബി രാജേഷ് ചോദിക്കുന്നത്. രാജേഷിനു പിന്നാലെ നിരവധി മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും ഇതേ ചോദ്യം തന്നെ ഉയര്‍ത്തി രംഗത്തു വന്നിട്ടുണ്ട്.

കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കുന്ന നീക്കമാണിത്. അച്ചടക്കം ലംഘിച്ചതിന് സുധീരനെതിരെ നടപടി എടുക്കണമെന്നതാണ് സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. എന്നാല്‍, ഇത്തരം നിലപാടിനോട് കോണ്‍ഗ്രസ്സിലെ എ – ഐ ഗ്രൂപ്പുകള്‍ക്ക് യോജിപ്പില്ല. സുധീര വിരോധികളായ ഗ്രൂപ്പ് നേതാക്കള്‍ പോലും സുധീരന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യത്തില്‍ സുധീരനെതിരെ നടപടി എടുത്താല്‍ പൊതുസമൂഹം എതിരാകുമെന്ന അഭിപ്രായമാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്.

സുധാകരനും വി.ഡി സതീശനും കെ.സി വേണുഗോപാലിനും കേരളത്തില്‍ നിലവില്‍ സ്വന്തം ഗ്രൂപ്പുകളുണ്ട്. എ ഗ്രൂപ്പില്‍ നിന്നും ഐ ഗ്രൂപ്പില്‍ നിന്നും അടര്‍ത്തിയെടുത്ത നേതാക്കളാണ് ഈ ഗ്രൂപ്പുകളില്‍ ഉള്ളത്. ഇതിലുള്ള അമര്‍ഷം എ-ഐ ഗ്രൂപ്പുകളിലും ശക്തമാണ്. അവരും അവസരത്തിനായാണ് കാത്ത് നില്‍ക്കുന്നത്. കെ.സി വേണുഗോപാലിനെ ആലപ്പുഴയിലേക്ക് മത്സരിക്കാന്‍ ചെന്നിത്തല ക്ഷണിച്ചത് പോലും പഴയ ‘ഐ’ ഗ്രൂപ്പുകാരനോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല തോല്‍പ്പിച്ച് വിടാന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റാല്‍ അതോടെ കെ.സുധാകരന് രാജിവയ്‌ക്കേണ്ടി വരും. വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയും നല്ല നാളുകളും അതോടെ അവസാനിക്കും.

20-ല്‍ കഴിഞ്ഞതവണ 19 സീറ്റുകള്‍ നേടിയ യു.ഡി.എഫിന് ഇത്തവണ 15 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ മുസ്ലിംലീഗിനും പിന്നെ യു.ഡി.എഫില്‍ തുടരാന്‍ കഴിയുകയില്ല. ഗൗരവമായ സാഹചര്യമാണിത്. ഗ്രൂപ്പ് തര്‍ക്കത്തിനും സംഘടനാ ദൗര്‍ബല്യത്തിനും പുറമെ അയോദ്ധ്യ വിഷയം കൂടി തലയ്ക്കു മുകളില്‍ വന്നത് കോണ്‍ഗ്രസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനു പുറമെയാണിപ്പോള്‍ സുധീരനും എരിതീയില്‍ എണ്ണ ഒഴിച്ചിരിക്കുന്നത്. യു.ഡി.എഫിനെ സംബന്ധിച്ച് വല്ലാത്തൊരു പ്രതിസന്ധി തന്നെയാണിത്. അതെന്തായാലും… പറയാതെ വയ്യ…

EXPRESS KERALA VIEW

Top