വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുകയാണ് കോണ്‍ഗ്രസ്സെന്ന് മോദി

Modi

കല്‍ബുറഗി: കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുകയെന്നത് കോണ്‍ഗ്രസ്സിന്റെ ശീലമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരുടെ സംഭാവനകളോട് കോണ്‍ഗ്രസ്സിന് മതിപ്പില്ലെന്നും, പകരമായി അവരെ അപമാനിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കാറുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കല്‍ബുറഗിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ്സിനു നേരെ പ്രധാനമന്ത്രിയുടെ വിമര്‍ശനം. രക്തസാക്ഷികളേയും പട്ടാളക്കാരേയും അപമാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സൈന്യം സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കര്‍ സ്‌ട്രൈക്കിനെ കോണ്‍ഗ്രസ്സ് ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മിന്നലാക്രമണം നടത്തിയകാര്യം അവര്‍ ഇപ്പോഴും വിശ്വസിക്കാന്‍ തയ്യാറല്ലെന്നും, ഇങ്ങനെയൊരു സംഭവം നടന്നോ എന്നതിന് അവര്‍ക്ക് തെളിവ് വേണമെന്നും, ഇന്ത്യന്‍ പട്ടാളക്കാര്‍ തോക്കുകള്‍ക്കൊപ്പം ക്യാമറയും കൊണ്ടുപോവണമെന്നാണോ കോണ്‍ഗ്രസ്സ് പറയുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.

Top