രാഹുൽ ഗാന്ധി, ശശി തരൂർ അടക്കമുള്ള കോൺഗ്രസ് എം.പിമാരെ കസ്റ്റഡിയിൽ എടുത്തു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിനെ നേരിട്ട് ഡൽഹി പൊലീസ്. രാഹുൽ ഗാന്ധി, ശശി തരൂർ അടക്കമുള്ള എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ഐ.സി.സി ആസ്ഥാനത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആസ്ഥാനത്തെ പൊലീസ് ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് എം.പിമാരുടെ രാഷ്ട്രപതി ഭവൻ മാർച്ച്. കോൺഗ്രസ് പ്രതിഷേധം മുൻകൂട്ടിക്കണ്ട് നേരത്തെ ഡൽഹിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിലക്ക് ലംഘിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. വിജയ് ചൗക്കിൽ പ്രതിഷേധം ആരംഭിക്കുമ്പോൾ തന്നെ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങളുടെ വിഷയം ഉയർത്തിയാണ് മാർച്ചെന്നും എന്നാൽ ചില എം.പിമാരെ മർദിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമാണ് പൊലീസ് ചെയ്തതെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. കായികമായി കൈകാര്യം ചെയ്താലും പ്രതിഷേധം തുടരുമെന്നും രാഹുൽ വ്യക്തമാക്കി.

 

Top