കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗുജറാത്തില്‍ തിരിച്ചെത്തി

അഹമ്മദാബാദ്: കര്‍ണാടകയിലെ പത്തുദിവസത്തെ ഒളിവുജീവിതത്തിനുശേഷം ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തി.

നാളെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായിട്ടാണ് എംഎല്‍എമാരുടെ മടക്കം. ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെയാണ് 44 എംഎല്‍എമാരും ഇന്‍ഡിഗോ വിമാനത്തില്‍ യാത്രതിരിച്ചത്. കനത്ത സുരക്ഷയിലായിരുന്നു എംഎല്‍എമാരുടെ യാത്ര. സുരക്ഷാ ജീവനക്കാരുടെ വലയത്തിലായിരുന്നു അഹമ്മദാബാദില്‍ എത്തിയപ്പോഴും എംഎല്‍എമാര്‍.

ബൊര്‍സാദ് അനന്ത് ഹൈവേയിലെ നിജനാട് റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ എത്തിച്ചിരിക്കുന്നത്. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഒരു എംഎല്‍എ പോലും ബിജെപിയുടെ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും അവരുടെ കുതിരക്കച്ചവടം നടക്കില്ലെന്നും ശക്തിസിങ് ഗൊഹില്‍ പറഞ്ഞു.

എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അഹമ്മദ് പട്ടേലും മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇന്നുവൈകിട്ട് അഹമ്മദ് പട്ടേല്‍ റിസോര്‍ട്ടിലെത്തി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ചീഫ് വിപ്പ് ശൈലേഷ് പാര്‍മര്‍ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂറുമാറ്റം തടയാനായിട്ടായിരുന്നു ഗുജറാത്ത് എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ചത്. ഗുജറാത്തില്‍ ഒഴിവുവരുന്ന മൂന്നുസീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ബിജെപി വിജയം ഉറപ്പിച്ചിട്ടുണ്ട്. സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ വിജയിക്കേണ്ടത് കോണ്‍ഗ്രസിന്റേത് നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്.

കോണ്‍ഗ്രസിലെ ആറ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നതും കൂറുമാറ്റം ഭയന്ന് എംഎല്‍എമാരെ ഗുജറാത്തിലെ റിസോര്‍ട്ടില്‍ എത്തിച്ചതും.

Top