കൂറുമാറ്റാനുള്ള ശ്രമം, കോണ്‍ഗ്രസ് എം.എല്‍.എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

അഹ്മദാബാദ്: എം.എല്‍.എമാരെ കൂറുമാറ്റാനുള്ള ശ്രമം ശക്തിപ്പെട്ടതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയതോതില്‍ കുതിരക്കച്ചവടം നടത്തുകയാണെന്നും ബലമായി രാജിവെപ്പിച്ച് ബി.ജെ.പിയില്‍ ചേര്‍ക്കുകയുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ആഗസ്റ്റ് എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കുതിരക്കച്ചവടം. രണ്ടുദിവസത്തിനകം ആറു കോണ്‍ഗ്രസ് എം.എല്‍.എമാരാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മറ്റു എം.എല്‍.എമാരെ അഹമ്മദാബാദ്, രാജ്‌കോട്ട്, വഡോദര തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റിയതായി മുതിര്‍ന്ന നേതാവ് പറഞ്ഞു.

ഭീഷണിപ്പെടുത്തി കൂറുമാറ്റാന്‍ ശ്രമിക്കുന്ന പൊലീസിന്റെയും ബി.ജെ.പിയുടെയും കണ്ണില്‍ പെടാതെയാണ് അവരെ പാര്‍പ്പിച്ചിട്ടുള്ളത്. എം.എല്‍.എമാര്‍ സ്വയം സന്നദ്ധരായാണ് മാറിത്താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിക്കാന്‍ കുപ്രസിദ്ധരായ പൊലീസ് ഓഫിസര്‍മാരെയാണ് ബി.ജെ.പി ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ പ്രതിയായ പൊലീസ് ഓഫിസര്‍ ഒരു എം.എല്‍.എയെ ബലംപ്രയോഗിച്ച് ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.

ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് ബലമായി രാജിവെപ്പിക്കാന്‍ ശ്രമിക്കുകയും കൂറുമാറ്റത്തിന് കോടിക്കണക്കിന് രൂപ കൈക്കൂലി വാഗ്ദാനവും ചെയ്ത പൊലീസ് സൂപ്രണ്ടിനെതിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഇതിനായി നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം ഇന്‍ചാര്‍ജ് രണ്‍ദീപ്‌സിങ് സുര്‍ജെവാല പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ പൂനഭായ് ഗാമിതിനെ താപി ജില്ല പൊലീസ് സൂപ്രണ്ട് എന്‍.കെ. അമീന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അഞ്ചുകോടി മുതല്‍ പത്ത് കോടി രൂപ വരെയാണ് വാഗ്ദാനം ചെയ്തത്.

ഇതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണം. പൊലീസ് സൂപ്രണ്ടിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. ബി.ജെ.പി ഭരണത്തിനു കീഴില്‍ ജനാധിപത്യം വന്‍ വെല്ലുവിളി നേരിടുകയാണെന്നും സുര്‍ജെവാല പറഞ്ഞു. ഒരോദിവസവും ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്.

Top