തെരഞ്ഞെടുപ്പിന് സീറ്റ് നല്‍കിയില്ല; 300 സീറ്റ് അടിച്ചുമാറ്റി കോണ്‍ഗ്രസ് നേതാവിന്റെ പ്രതികാരം

ഔറംഗബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ കോണ്‍ഗ്രസിന് എട്ടിന്റെ പണികൊടുത്ത് എം.എല്‍.എ. ഔറംഗബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ അബ്ദുള്‍ സത്താറാണ് വ്യത്യസ്തമായ പ്രതികാരം ചെയ്ത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയാണ് കോണ്‍ഗ്രസ് നേതാവ് വ്യത്യസ്തനായത്.സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ പ്രാദേശിക പാര്‍ട്ടി ഓഫീസിലാണ് സംഭവം. അബ്ദുള്‍ സത്താര്‍ 300 കസേരകളുമായാണ് മുങ്ങിയത്. സഖ്യകക്ഷിയായ എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംയുക്ത യോഗം വിളിച്ചിരുന്നു. ഇതിനു തൊട്ടുമുമ്പാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ സത്താര്‍ കസേരകളുമായി മുങ്ങിയത്.

അതേസമയം കസേരകള്‍ തന്റെ സ്വന്തമാണെന്നും താന്‍ പാര്‍ട്ടി ഓഫീസ് വിടുന്നതിനെ തുടര്‍ന്ന് കൊണ്ടുപോകുകയാണെന്നും അബ്ദുള്‍ സത്താര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് സത്താര്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഔറംഗബാദ് സീറ്റില്‍ മത്സരിക്കാന്‍ സത്താര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എം. എല്‍. സിയായ സുഭാഷ് ഷംബാദിനാണ് കോണ്‍ഗ്രസ് സീറ്റുനല്‍കിയത്. ഇതിനു പിന്നാലെയാണ് എംഎല്‍എ കസേരകളുമായി മുങ്ങിയത്.

Top