അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ രുപജ്യോതി കുര്‍മി രാജിവെച്ചു

ഗുവാഹത്തി: കോണ്‍ഗ്രസിന്റെ അസമിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടി എം.എല്‍.എമാരിലൊരാള്‍ രാജി വെച്ചു. രുപജ്യോതി കുര്‍മിയാണ് രാജി സമര്‍പ്പിച്ചത്. മാരിനി സീറ്റില്‍ നിന്നും തുടര്‍ച്ചയായ നാലം തവണയാണ് അവര്‍ വിജയിച്ചത്. രണ്ടാംനിര നേതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് രാജി. തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരുമെന്നും അവര്‍ അറിയിച്ചു.

സ്പീക്കര്‍ ബിശ്വജിത്ത് ഡെയ്മറിന് അവര്‍ രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബി.ജെ.പിയിലേക്ക് പോയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് അവര്‍ രാജി സമര്‍പ്പിച്ചത്. പാര്‍ലമെന്ററി കാര്യ മന്ത്രി പിയുഷ് ഹസാരികയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ജയന്ത മല്ലയും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം തനിക്ക് നല്‍കാമെന്ന് പാര്‍ട്ടി അറിയിച്ചെങ്കിലും പിന്നീട് ഇത് നിഷേധിച്ചു. സംസ്ഥാന അധ്യക്ഷ പദവി ആവശ്യപ്പെട്ടെങ്കിലും അതും പാര്‍ട്ടി തന്നില്ല. നിയമസഭയിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയില്ല. ഹിമന്ത് ബിശ്വ ശര്‍മ്മയുടെ വികസന നയത്തില്‍ തനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് സംസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top