നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെ സൈബര്‍ ആക്രമണം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു

cyber crime

തിരുവനന്തപുരം : സൈബര്‍ ആക്രമണത്തിന്റെ പേരില്‍ രാഷ്ട്രീയലക്ഷ്യത്തോടെ രംഗത്തെത്തിയ പ്രതിപക്ഷത്തിന് തിരിച്ചടിയായി നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വി ഡി സതീശന്‍, വി ടി ബല്‍റാം, എല്‍ദോസ് കുന്നപ്പിള്ളി, കെ എസ് ശബരീനാഥന്‍ എന്നിവരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അശ്ലീല പരാമര്‍ശവും നടത്തിയത്. ഇത് സൈബറിടങ്ങളില്‍ വ്യാപക ചര്‍ച്ചയായിരിക്കുകയാണ്.

എംഎല്‍എയുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ സ്ത്രീയെയും കുടുംബത്തെയും തെറിവിളിച്ച കേസില്‍ വി ഡി സതീശനെതിരെ പൊലീസും ദേശീയ മനുഷ്യാവകാശ കമീഷനും കേസെടുത്തിട്ടുണ്ട്. മദ്യത്തിന് സെസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സതീശനിട്ട പോസ്റ്റിനു താഴെ അബ്ദുള്‍ സലാം എന്നയാള്‍ കമന്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് സലാമിന്റെ ഭാര്യക്കും ഉമ്മയ്ക്കുമെതിരെ കേട്ടാലറയ്ക്കുന്ന അശ്ലീലഭാഷയില്‍ എംഎല്‍എയുടെ വെരിഫൈഡ് പേജില്‍നിന്ന് തെറിവിളിച്ചത്.

സാഹിത്യകാരി കെ ആര്‍ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് വി ടി ബല്‍റാം അസഭ്യച്ചുവയുള്ള കമന്റിട്ടത്. പോ മോളേ ‘മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പംപോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ഥിക്കുന്നു. ടൈപ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം– ഇതായിരുന്നു കമന്റ്. എ കെ ജിയെ ബാലപീഡകന്‍ എന്ന് മുമ്പ് ബല്‍റാം വിളിച്ചതും ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് എഫ്ബിയില്‍ പ്രത്യക്ഷപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിയുടെ പോസ്റ്റും സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശത്തിന് ഇടയാക്കി. കോവിഡ് പ്രതിരോധ കാലത്ത് അനാവശ്യ വിവാദമുണ്ടാക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതികരിച്ചതിന് സാഹിത്യകാരന്‍ ബന്യാമിനെതിരെയും സൈബര്‍ അക്രമണമുണ്ടായി. കെ എസ് ശബരീനാഥന്‍ എംഎല്‍എയാണ് അതിന് നേതൃത്വം നല്‍കിയത്.

Top