സന്തോഷം അടക്കാനായില്ല; സ്പീക്കര്‍ക്ക് എം.എല്‍.എയുടെ വക ഫ്ളൈയിംഗ് കിസ്സ്‌

ഭുവനേശ്വര്‍: നിയമസഭയില്‍ സ്പീക്കര്‍ക്ക് എം.എല്‍.എയുടെ വക സ്‌പെഷ്യല്‍ ഫ്ളൈയിംഗ് കിസ്സ്‌. ഒഡീഷ നിയമസഭാ സ്പീക്കര്‍ എസ്.എന്‍.പാട്രോയ്ക്കാണ് കോണ്‍ഗ്രസ് എം.എല്‍.എ താരാപ്രസാദ് ബഹനിപതി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫ്ളൈയിംഗ് കിസ്സ്‌ നല്‍കിയത്.മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സമയം അനുവദിച്ചതിന്റെ സന്തോഷസൂചകമായിട്ടായിരുന്നു എം.എല്‍.എ സ്പീക്കര്‍ക്ക് ഫ്ളൈയിംഗ് കിസ്സ്‌ കൊടുത്തത്.

ഇതിനിടെ സ്പീക്കറെ അപമാനിക്കാനാണ് താരാപ്രസാദ് ശ്രമിച്ചതെന്നാരോപിച്ച് ചില അംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍ സ്പീക്കറെ അപമാനിക്കണമെന്ന് താന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ലെന്നാണ് താരാപ്രസാദ് പറഞ്ഞത്.

‘മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം തന്നതിനൊപ്പം അവിടത്തെ പിന്നാക്ക മേഖലയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും അതില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്തു. അതില്‍ എനിക്കുള്ള നന്ദിയും സന്തോഷവും പ്രകടിപ്പിക്കാനാണ് ഞാന്‍ ഫ്ളൈയിംഗ് കിസ് നല്‍കിയത്’-താരാപ്രസാദ് പറഞ്ഞു.

എന്നാല്‍ എം.എല്‍.എയുടെ ഫ്ളൈയിംഗ് കിസില്‍ താന്‍ തികച്ചും സന്തുഷ്ടനാണെന്ന് സ്പീക്കര്‍ പറഞ്ഞതോടെ താരാപ്രസാദിനെതിരായ ആരോപണങ്ങള്‍ അവസാനിച്ചു. അതേസമയം എം.എല്‍.എ ഫ്ളൈയിംഗ് കിസ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകാണ്.

Top