മയക്കുമരുന്ന് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു

ചണ്ഡീഗഡ്: മയക്കുമരുന്ന് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയ്ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ ചണ്ഡീഗഡിലെ ബംഗ്ലാവില്‍ റെയ്ഡ് നടന്നിരുന്നു.

ഇന്ന് രാവിലെയാണ് ഖൈറയുടെ വസതിയില്‍ ജലാലാബാദ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയുടെ ദൃശ്യങ്ങള്‍ ഖൈറ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചിരുന്നു. പൊലീസുമായി തര്‍ക്കിക്കുന്നതും പൊലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതും എഫ്ബി ലൈവില്‍ കാണാം.

കേസ് സുപ്രീം കോടതി റദ്ദാക്കിയെന്നും ഇപ്പോഴത്തെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ലൈവില്‍ ആരോപിച്ചു. രാവിലെ തന്റെ കിടപ്പുമുറിയില്‍ കയറിയതിന് ഖൈറ പൊലീസിനെതിരെ പ്രതിഷേധിക്കുന്നതും വീഡിയോയിലുണ്ട്. നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുകയും നയങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും ഓള്‍ ഇന്ത്യ കിസാന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനുമാണ് ഖൈറ.

Top