ദുരന്ത സമയത്ത് ഇത്തരത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട: പ്രിയങ്കയ്‌ക്കെതിരെ അദിതി

ലക്‌നൗ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ബസുകള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയ വിഷയത്തില്‍ കോണ്‍ഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച് റായ്ബറേലിയിലെ കോണ്‍ഗ്രസ് വിമത എംഎല്‍എ അദിതി സിങ്.

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി അയക്കാനിരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളാണെന്നും അദിതി സിങ് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദിതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ദുരന്ത സമയത്ത് ഇത്തരത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട ആവശ്യകത എന്താണെന്നും അദിതി ചോദിച്ചു.

‘കോണ്‍ഗ്രസ് അയച്ച 1000 ബസുകളുടെ പട്ടികയില്‍ പകുതിയിലേറെ രജിസ്‌ട്രേഷന്‍ നമ്പറുകളും വ്യാജമാണ്. 297 ബസുകള്‍ കാലാവധി കഴിഞ്ഞവയാണ്. 98 എണ്ണം ഓട്ടോറിക്ഷകളും ആംബുലന്‍സുകളുമാണ്. 68 വാഹനങ്ങള്‍ക്ക് യാതൊരു രേഖയുമില്ല. എന്തൊരു ക്രൂരമായ തമാശയാണിത്’. അദിതി സിങ് ട്വിറ്റ് ചെയ്തു.

നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നില്ലെന്നും മുമ്പ് യാത്രാ മാര്‍ഗമില്ലാതെ ഉത്തര്‍പ്രദേശിലേക്കുള്ള ആയിരക്കണക്കിന് കുട്ടികള്‍ കോട്ടയില്‍ കുടുങ്ങിക്കിടന്നപ്പോള്‍ ഇപ്പറയുന്ന ബസുകളെല്ലാം എവിടെയായിരുന്നുവെന്നും
അദിതി സിങ് ചോദിച്ചു.

രാത്രിയില്‍ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇടപെട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി പോലും ഇതിനെ അഭിനന്ദിച്ചെന്നും അദിതി സിങ് കൂട്ടിച്ചേര്‍ത്തു.

Top